കൊല്ലം: ചിന്നക്കട മേൽപ്പാലത്തിന്റെ നിലനിൽപ്പിന് ഭീഷണിയെന്നോണം മരങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങുന്നു. പാലത്തിലെ നടപ്പാതയുടെ പാർശ്വഭിത്തിക്ക് താഴെ കൽക്കെട്ടിൽ ആൽമരത്തിന്റെ ഉൾപ്പെടെ വേരുകളാണുള്ളത്. ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്തു നിന്ന് ചിന്നക്കടയിലേക്കുള്ള പാലത്തിന്റെ ഇരുവശത്തും ചെറുതും വലുതുമായ നിരവധി മരങ്ങളാണ് പടർന്ന് പന്തലിച്ച് നിൽക്കുന്നത്.
വേരുകൾ വലിയതോതിൽ പടർന്നത് കാരണം പാലത്തിന് ബലക്ഷയം ഉണ്ടാകുന്ന അവസ്ഥയാണ്. ഇക്കാര്യം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. നടപ്പാതയുടെ പാർശ്വഭിത്തി പലഭാഗത്തും തകർന്നു. കോൺക്രീറ്റ് പാളികൾ ഇളകി കമ്പി പുറത്തുകാണുന്ന നിലയിലാണ്. നാടപ്പാതയിലെ ഇന്റർലോക് ഇളകിമാറി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്.
ആൽമരത്തിന്റെ വേരടക്കം മാറ്രി പാലത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് ഇതിനുവേണ്ട നടപടികളൊന്നും ഉണ്ടാകുന്നില്ല. വളരുന്നതിനനുസരിച്ച് മരക്കൊമ്പുകൾ മുറിക്കുന്നതും തൈകൾ മാറ്റുന്നതുമെല്ലാം കോർപ്പറേഷനാണ്. കഴിഞ്ഞ തവണയും കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ഇതെല്ലാം നടന്നത്
-കൊല്ലം മധു, ഡെപ്യൂട്ടി മേയർ