തിരിഞ്ഞു നോക്കാതെ പൊലീസും എക്സൈസും
അഞ്ചാലുംമൂട്: കുരീപ്പുഴയിലെ സ്വകാര്യസ്‌കൂളിന് പിൻവശത്തെ തെക്കേച്ചിറ, പോസ്റ്റിൻമൂട്, ബൈപ്പാസ് എന്നിവിടങ്ങളിൽ ലഹരിസംഘങ്ങൾ തമ്പടിച്ചിട്ടും തിരിഞ്ഞുനോക്കാതെ പൊലീസും എക്സൈസും. പരസ്യമായ ലഹരി ഇടപാടുകൾ നടത്തുന്ന ഇവരെ ഭയന്നാണ് പ്രദേശവാസികൾ കഴിയുന്നത്.
പ്രധാനമായും രാവിലെയും രാത്രിയിലുമാണ് ഇവിടെ ലഹരി കൈമാറ്റം. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി കൈമാറുന്ന ഇടമായി തെക്കേച്ചിറ മാറിയിട്ടുണ്ട്. നാട്ടുകാർ പലതവണ എക്‌സൈസിലും പൊലീസിലും പരാതി നൽകിയെങ്കിലും ഒരു ദിവസം മാത്രമാണ് പരിശോധന നടത്തിയത്. രാത്രിയിൽ തെക്കേച്ചിറയിൽ ബൈക്കിലെത്തുന്ന സംഘങ്ങൾ തമ്മിൽ സംഘർഷം പതിവാണെന്നും നാട്ടുകാർ പറയുന്നു.
പ്രദേശത്തെ വീടുകളുടെ മുന്നിലും വഴിയിലും മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത തരത്തിലാണ് ഇവർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ചോദ്യം ചെയ്താൽ ഭീഷണിയും അസഭ്യം പറച്ചിലും. വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ലഹരി കൈമാറ്റത്തിനുള്ള ഇടങ്ങൾ തിരഞ്ഞെടുക്കുന്നത്. തെക്കേച്ചിറയിലും പോസ്റ്റിൻമൂട്ടിലും തമ്പടിച്ചിരിക്കുന്ന ലഹരി സംഘങ്ങളെ എത്രയും വേഗം തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ചെറുതൊന്നുമല്ല ശല്യം
കുരീപ്പുഴയിലുള്ളത് രണ്ട് സ്വകാര്യ സ്‌കൂളുകളും ഒരു സർക്കാർ സ്‌കൂളും
വിദ്യാർത്ഥിനികൾ പോകുന്നത് കാൽനടയായും സൈക്കിളിലും
വഴിയിൽ തമ്പടിക്കുന്ന സംഘങ്ങൾ വിദ്യാർത്ഥിനികളെ ശല്ല്യം ചെയ്യുന്നു
ഇവർക്കിടയിലൂടെ അപകടകരമായ രീതിയിൽ ബൈക്കോടിക്കുന്നു
വിദ്യാർത്ഥിനികൾ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയില്ല