t

റെയിൽവേയുടെ നിരക്ക് പ്രതിദിനം 2000 രൂപ

പരവൂർ: ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ പരവൂർ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗ് കരാർ അനിശ്ചിതത്വത്തിൽ. രണ്ടു തവണ ടെൻഡർ വിളിച്ചെങ്കിലും റെയിൽവേ ആവശ്യപ്പെട്ട പ്രതി​ദി​ന നി​രക്കായ 2000 രൂപ അംഗീകരി​ക്കാൻ ആരും തയ്യാറായി​ല്ല.

മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി പാർക്കിംഗി​നു പുറമേ കക്കൂസ്, ക്ലോക്ക് റൂം എന്നിവയുടെ ചുമതലകൂടി കരാറിൽ ഉൾപ്പെടുന്നുണ്ട്. 2000 രൂപയാണ് പ്രതിദിന നിരക്ക്. എന്നാൽ ഇത് നഷ്ടത്തിലാകുമെന്നാണ് ഈ മേഖലയിലുള്ളവരുടെ വാദം. കാരണം, 24 മണി​ക്കൂർ പാർക്കിംഗ് മേൽനോട്ടത്തിന് മൂന്നുജീവനക്കാർ വേണ്ടിവരും. ഇവരുടെ വേതനവും കക്കൂസ് നടത്തിപ്പിന് ജീവനക്കാരെ ചുമതലപ്പെടുത്തേണ്ടിവരുന്നതും പ്രതിദിന കരാർ തുകയും ഒത്തുപോവി​ല്ലത്രെ. അവധിദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറയും. ആറു മാസത്തോളമായി മേൽനോട്ടക്കാരില്ലാതെയാണ് പാർക്കിംഗ്. ഇത് റെയിൽവേയുടെ വരുമാനത്തെയും ബാധിക്കുന്നുണ്ട്.

നിയന്ത്രണമില്ലാത്ത പാർക്കിംഗ്

 നോക്കാൻ ആളില്ലാത്തതിനാൽ വാഹനങ്ങളുടെ പാർക്കിംഗ് തോന്നിയപോലെ

 സ്റ്റേഷനിലേക്കുള്ള വഴിയരികിലും മറ്റും അനധികൃത പാർക്കിംഗ്

 ഇരുചക്രവാഹനങ്ങൾ കൃത്യമായി പാർക്ക് ചെയ്യാറില്ല

 വാഹനങ്ങൾ തമ്മിൽ ഉരസുന്നതും പതിവ്

 കക്കൂസും ക്ലോക്ക് റൂമും നിർമ്മിച്ചെങ്കിലും തുറന്നുനൽകിയിട്ടില്ല