photo
പെരുംകുളം ഗവ.പി.വി.ഹയർ സെക്കൻഡറി സ്കൂളിലെ കുഞ്ഞെഴുത്തുകാരായ ബി.എസ്.ദയാശങ്കർ, അബിയ സജി, എസ്.ശിവനന്ദ, ജോഹാൻ.ബി.എബിസൺ, സോന സോമൻ, എസ്.എസ്.ഗംഗോത്രി എന്നിവർ തങ്ങളുടെ പുസ്കകങ്ങളുമായി

കൊട്ടാരക്കര: പെരുംകുളം ഗവ.പി.വി.ഹയർ സെക്കൻഡറി സ്കൂളിലെ ആറ് കുട്ടികൾ എഴുത്തുകാരായി. കണ്ടതും കേട്ടതും സാമൂഹ്യ ചിന്തകളും നാട്ടുനന്മകളും സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ ചേർത്ത് അവരെഴുതിയ സൃഷ്ടികൾ പുസ്തകങ്ങളാക്കി പ്രസിദ്ധീകരിച്ചു. അങ്ങനെ വായനാദിനത്തിൽ മലയാളത്തിന് കുട്ടിക്കൂട്ടത്തിന്റെ വക ആറ് പുസ്തകങ്ങൾ.

എം.എസ്.ഗംഗോത്രി, സോന സോമൻ, ജോഹാൻ.ബി.എഡിസൺ, എസ്.ശിനന്ദ, അബിയ സജി, ബി.എസ്.ദയാശങ്കർ എന്നീ കുഞ്ഞെഴുത്തുകാരാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്. പെരുംകുളം ബാപ്പുജി സ്മാരക വായനശാലയുടെ കാഴ്ച ബുക്സ് പുസ്തകങ്ങളുടെ പ്രസിദ്ധീകരണ ചുമതലയേറ്റെടുത്തു. കവിത, കഥ, നോവൽ എന്നിങ്ങനെയാണ് ആറ് പുസ്തകങ്ങൾ തയ്യാറായത്. കഴിഞ്ഞ വർഷവും രണ്ട് കുട്ടികളുടെ പുസ്തകങ്ങൾ പുറത്തിറക്കി ഈ സർക്കാർ വിദ്യാലയം മികവ് കാട്ടിയിരുന്നു.

ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി ഐക്യമലയാള പ്രസ്ഥാനം ജില്ലാ സെക്രട്ടറി അനിൽ വാസുദേവിന് നൽകി പുസ്തകങ്ങൾ പ്രകാശനം ചെയ്തു. വിദ്യാർത്ഥികളെ എഴുത്തിന്റെ ലോകത്ത് സജീവമാക്കാൻ ലക്ഷ്യമിട്ട എസ്.എസ്.കെയുടെ ബഡ്ഡിംഗ് റൈറ്റേഴ്സ് സാഹിത്യ രചനാ പോഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് സ്കൂളിലെ അദ്ധ്യാപകനും സാഹിത്യകാരനുമായ അനിൽകുമാർ പവിത്രേശ്വരം മുൻകൈയെടുത്ത് പുസ്തകങ്ങൾ സജ്ജമാക്കിയത്. പുസ്തക പ്രകാശന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ജി.സുരേഷ് കുമാർ അദ്ധ്യക്ഷനായി. കോട്ടാത്തല ശ്രീകുമാർ വിദ്യാരംഗം കലാസാഹിത്യവേദിയും പെരുംകുളം രാജീവ് എന്റെ എഴുത്തുപെട്ടിയും ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ബി.ഷീജ, അനിൽകുമാർ പവിത്രേശ്വരം, സുബൈർ മുസലിയാർ, അബിയ സജി, എസ്.പ്രീത എന്നിവർ സംസാരിച്ചു.