ചടയമംഗലം: വിദ്യാഭ്യാസ മേഖലയിൽ സമാനതകളില്ലാത്ത മുന്നേറ്റം സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കേരളകൗമുദിയുടെ നേതൃത്വത്തിൽ ചടയമംഗലത്ത് സംഘടിപ്പിച്ച മേഖലാതല പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിദ്യാർത്ഥികളാണ് നാളെ നാടിനെ നയിക്കേണ്ടത്. അതുകൊണ്ടുതന്നെ പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും മികച്ച വിദ്യാഭ്യാസ സൗകര്യമൊരുക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. വർണക്കൂടാരമടക്കമുള്ള പദ്ധതികൾ വഴി ചെറിയ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. കളിച്ചുകൊണ്ടുതന്നെ അവർ പഠിക്കട്ടെ. മികച്ച ഭൗതിക സാഹചര്യമാണ് വിദ്യാലയങ്ങളിൽ ഒരുക്കിയിട്ടുള്ളത്. അക്കാഡമിക് തലത്തിലും വലിയ മികവ് സൃഷ്ടിക്കാനായി. പുതിയ വിദ്യാഭ്യാസ അന്തരീക്ഷം വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെയും ഉന്നത സ്ഥാനങ്ങളിൽ മലയാളികളെത്തുന്നത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ നേട്ടമാണ്.

നൂറ്റാണ്ട് പിന്നിട്ട കേരളകൗമുദി ദിനപത്രം വാർത്തകൾക്കപ്പുറം സാമൂഹ്യ ഇടപെടലുകൾ നടത്തുന്നുണ്ട്. വിദ്യാർത്ഥി പ്രതിഭകൾക്ക് പ്രോത്സാഹനം നൽകാനുള്ള കേരളകൗമുദിയുടെ ശ്രമങ്ങളും അഭിനന്ദനാർഹമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ, ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്.ഷൈൻകുമാർ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.ശിവദാസൻ, ചടയമംഗലം ഹരിശ്രീ ഹോസ്പിറ്റൽ എം.ഡി ഡോ.സജീവ്, ടാന്റം എൻട്രൻസ് കോച്ചിംഗ് സെന്റർ ഡയറക്ടർ ഡോ. ബി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കാബെല്ലോ ഗ്രൂപ്പ് ചെയർമാൻ സമീർ സൈനുദ്ദീൻ വലിയവിള, ആയൂർ ജി-ടെക് സെന്റർ ഡയറക്ടർ അനുജോർജ് എന്നിവരെ ചടങ്ങിൽ പത്രാധിപർ സ്മാരക പുരസ്കാരം നൽകി ആദരിച്ചു. ചടയമംഗലം മേഖലയിൽ പ്ളസ് ടു പരീക്ഷയിൽ എ പ്ളസ് നേടിയവരെയും മന്ത്രി ജെ.ചിഞ്ചുറാണി അനുമോദിച്ചു. കേരളകൗമുദി റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാർ സ്വാഗതവും കടയ്ക്കൽ ലേഖകൻ പി.അനിൽകുമാർ നന്ദിയും പറഞ്ഞു.