കരുനാഗപ്പള്ളി : എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പ ചുമത്തപ്പെട്ട് തടവ് അനുഭവിച്ചു വന്നിരുന്ന പ്രതിയെ വിട്ടയക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കരുനാഗപ്പള്ളി സ്വദേശി ദിലീപ് ചന്ദ്രനെ(27) ആണ് വിട്ടയക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. പ്രതിക്കുവേണ്ടി അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, മനു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അഡ്വ.അജ്മൽ കരുനാഗപ്പള്ളി, അഡ്വ.ധനുഷ് ചിറ്റൂർ എന്നിവർ ഹർജിക്കാരിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായി. പ്രതിക്കെതിരെ കാപ്പ ചുമത്തപ്പെട്ട ഉത്തരവ് നിയമവിരുദ്ധമാണെന്നും ഉത്തരവ് പുറപ്പെടുവിച്ചതിൽ വന്ന കാലതാമസം വിശദീകരിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. ദിലീപ് ചന്ദ്രനെതിരായ കാപ്പ ഉത്തരവ് റദ്ദാക്കിയ കോടതി അയാളെ ഉടൻ മോചിപ്പിക്കണമെന്നും ഉത്തരവിട്ടു.