photo
കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിനുവേണ്ടി സജ്ജമായ പുതിയ കെട്ടിടം

നിർമ്മാണച്ചെലവ് 1.80 കോടി രൂപ

2 നില കെട്ടിടം

4500 ചതുരശ്ര അടി വിസ്തീർണം

കൊട്ടാരക്കര: കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിനായി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജം. ഓണത്തിന് മുമ്പ് നാടിന് സമർപ്പിക്കും. പുലമണിൽ സബ് ജയിലിന് സമീപത്തായി പ്രവർത്തിക്കുന്ന അഡിഷണൽ സബ് രജിസ്ട്രാർ ഓഫീസിനോട് ചേർന്നാണ് പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിനും കെട്ടിടം നിർമ്മിച്ചത്. നിലവിൽ മിനി സിവിൽ സ്റ്റേഷന്റെ പിന്നിലായിട്ടാണ് പഴയ കെട്ടിടത്തിൽ ഓഫീസ് സംവിധാനം പ്രവർത്തിച്ചുവരുന്നത്. കൊട്ടാരക്കര, നെടുവത്തൂർ, മൈലം, പുത്തൂർ, പവിത്രേശ്വരം വില്ലേജ് ഓഫീസുകളാണ് പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന് കീഴിലുള്ളത്. ആധാരം രജിസ്ട്രേഷനും വിവാഹവും മറ്റ് ഇതര ആവശ്യങ്ങളുമടക്കം ഒട്ടേറെ ചുമതലകളാണ് സബ് രജിസ്ട്രാർ ഓഫീസുകൾക്കുള്ളത്. നൂറുകണക്കിന് ആളുകൾ ദിവസവുമെത്തുന്ന തിരക്കേറിയ ഓഫീസാണ് കൊട്ടാരക്കരയിലേത്.

കൂടുതൽ സൗകര്യങ്ങളോടെ

കാലപ്പഴക്കമുള്ള കെട്ടിടത്തിലാണ് നിലവിൽ പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തനം. രണ്ട് കിലോ മീറ്റർ അകലേക്ക് മാറ്റിയാലും കെട്ടിലും മട്ടിലും മെച്ചപ്പെട്ട കെട്ടിട സമുച്ചയമാണ് ഓഫീസിനായി തയ്യാറാക്കിയിട്ടുള്ളത്. 1.80 കോടി രൂപ ഉപയോഗിച്ച് 4500 ചതുരശ്ര അടി വിസ്തീർണത്തിൽ 2 നിലകളുള്ള കെട്ടിടമാണ് നിർമ്മിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനായിരുന്നു നിർമ്മാണ ചുമതല. ഒന്നാം നിലയിൽ ഓഫീസുകൾ പ്രവർത്തിക്കും. പൊതുജനങ്ങൾക്കായുള്ള വിശാലമായ ഹാളും ടൊയ്ലറ്റ് സംവിധാനങ്ങളുമുണ്ടാകും. രണ്ടാം നിലയിൽ റെക്കാഡുകൾ സൂക്ഷിക്കാനുള്ള മുറികളാണ് പ്രധാനമായും ഒരുക്കുക. ജീവനക്കാർക്കുള്ള ഭക്ഷണമുറിയും വിശ്രമ സൗകര്യവുമുണ്ടാകും.