photo

2019ൽ

തോട് സംരക്ഷണത്തിന്

4 ലക്ഷം രൂപ

പുത്തൂർ: പുത്തൂ‌ർ വല്ലഭൻകര തോട്ടിൽ നീരൊഴുക്ക് തടസപ്പെടുന്നു. മഴക്കാലം തുടങ്ങിയതോടെ കൂടുതൽ പ്രതിസന്ധിയിലായി. മഴ കനത്താൽ തോട്ടിലെ നീരൊഴുക്ക് കൂടും. കരകവിഞ്ഞൊഴുകി സമീപ ഇടങ്ങളിലേക്ക് വെള്ളം കയറും. മണ്ണ് അടിഞ്ഞുകൂടി തോടിന്റെ പലഭാഗത്തും സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുംവിധം തിട്ടകൾ രൂപപ്പെട്ടിട്ട് വർഷങ്ങളായി. ഇതേത്തുടർന്ന് സംരക്ഷണ ഭിത്തി പലയിടത്തും തകർന്നു. മൺതിട്ടകളിൽ കുറ്റിക്കാടുകൾ വളർന്ന് വേരിറങ്ങിയതിനാൽ മണ്ണുറച്ചു. വെള്ളം ശക്തമായി ഒഴുകിവന്നാലും ഇവിടുത്തെ മണ്ണ് നീങ്ങുകയില്ല.

പദ്ധതികൾ പരിഹാരമായില്ല

ആനക്കോട്ടൂരിൽ നിന്ന് തുടങ്ങി വല്ലഭൻകര വഴി ചെറുപൊയ്കയിലെത്തി കല്ലടയാറ്റിൽ ചേരുന്നതാണ് വല്ലഭൻകര തോട്. പുത്തൂർ- ചീരങ്കാവ് റോഡ് കടന്നുപോകുന്നത് വല്ലഭൻകര തോടിന് കുറുകെയുള്ള പാലത്തിലൂടെയാണ്. പാലത്തിന്റെ ഒരു ഭാഗം നെടുവത്തൂർ ഗ്രാമപഞ്ചായത്തിലും മറുവശം പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലുമാണ്. നെടുവത്തൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഭാഗത്താണ് തോട്ടിൽ മണൽത്തിട്ടകൾ രൂപപ്പെട്ടത്. ഇനി ഞാനൊഴുകട്ടെ പദ്ധതിയടക്കം തോട് സംരക്ഷണത്തിനും മറ്റും നിരവധി പദ്ധതികൾ വന്നുപോയിട്ടും പരിഹാരമായില്ല. 2019ൽ തോട് സംരക്ഷണത്തിന് 4 ലക്ഷം രൂപ സർക്കാർ അനുവദിച്ചെങ്കിലും പ്രയോജനപ്പെട്ടില്ല. റോഡിൽ നിന്ന് തോട്ടിലേക്ക് ഇറങ്ങാൻ വഴിയുണ്ടായിരുന്നത് ഇപ്പോൾ കാണാനേയില്ല.

വെള്ളപ്പൊക്കമുണ്ടായത് മറക്കില്ല

രണ്ട് വർഷം മുൻപ് വലിയ മഴക്കാലത്ത് വല്ലഭൻകര തോടിന്റെ സമീപ ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായിരുന്നു. അതൊരു ഓ‌ർമ്മപ്പെടുത്തലായിട്ടും നാളിതുവരെ അധികൃതരുടെ കണ്ണ് തുറന്നിട്ടില്ല.