കുണ്ടറ: പി.സി.വിഷ്ണുനാഥ് എം.എൽ.എ നെടുമ്പന പഞ്ചായത്തിലേക്ക് അനുവദിച്ച ഹൈമാസ്റ്റ്, മിനി മാസ് ലൈറ്റുകൾ, സാമുഹിക ആരോഗ്യകേന്ദ്രതിന് അനുവദിച്ച ആംബുലൻസ് എന്നിവ

പഞ്ചായത്ത് നിഷേധിച്ചെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

നിലവിൽ പ്രവർത്തന രഹിതമായ ഹൈമാസ്റ്റ്, മിനി മാസ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾക്കായി ഏഴ് ലക്ഷം രൂപ വകയിരുത്തി ടെണ്ടർ നടപടികൾ നടന്നു വരുന്നതിനാലാണ് ലൈറ്റുകൾ തത്കാലം സ്ഥാപിക്കേണ്ടെന്ന് കഴിഞ്ഞ മാസം നാലിന് ചേർന്ന കമ്മിറ്റിയോഗം തീരുമാനിച്ചത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിലവിൽ സർക്കാരിന്റെ 108 ആംബുലൻസ് സേവനം 24 മണിക്കുറും പ്രവർത്തന സജ്ജമാണ്. ഇത് മൂലമാണ് എം.എൽ.എ ഫണ്ടിൽ നിന്ന് ആംബുലൻസ് അനുവദിച്ചിട്ടും പുതിയൊരു ആംബുലൻസ് തത്ക്കാലം വേണ്ടെന്ന് എച്ച്.എം.സി കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനത്തിലെത്തിയതെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ, വൈസ് പ്രസിഡന്റ് എച്ച്.ഹുസൈൻ, വികസനകാര്യ ചെയർപേഴ്‌സൺ സുശീല വേണുഗോപാൽ, നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗിരിജകുമാരി, ക്ഷേമകാര്യ ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.