radhamani
മേൽക്കൂര പൂർണ്ണമായി തകർന്ന എഴുകോൺ ബദാംമുക്ക് കുമാരി സദനത്തിൽ ജി. രാധാമണിയമ്മയുടെ വീട്.

എഴുകോൺ : ഏതു നിമിഷവും വീഴാവുന്ന മേൽക്കൂരയ്ക്ക് താഴെ ആധിയോടെ കഴിയുകയാണ് എഴുകോൺ ബദാംമുക്ക് കുമാരി സദനത്തിൽ ജി.രാധാമണിയമ്മ എന്ന വീട്ടമ്മ. കശുഅണ്ടി ഫാക്ടറിയിൽ ജോലി ചെയ്തും കടം വാങ്ങിയും സ്വരുക്കൂട്ടിയും 20 വർഷം മുമ്പ് പണിഞ്ഞ വീടാണ് ഇപ്പോൾ നിലംപൊത്താറായത്. രാധാമണിയമ്മയ്ക്ക് കുടുംബ ഓഹരിയായി ലഭിച്ച 10 സെന്റ് വസ്തു വിറ്റതും കുടുംബശ്രീ വായ്പയുമായിരുന്നു വീട് നിർമ്മാണത്തിനുള്ള പ്രധാന മൂലധനം. അടുക്കള ഉൾപ്പെടെ നിന്ന് തിരിയാൻ ഇടമില്ലാത്ത മൂന്ന് മുറിയും ഓടു മേഞ്ഞ മേൽക്കൂരയുമാണ് വീടിനുള്ളത്. മേൽക്കൂര പൂർണമായി തകർന്നു. മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീടിന്റെ കഴുക്കോലുകളും ഓടും വീടിനുള്ളിലേക്ക് വീഴുന്ന നിലയാണ്.ചോർച്ച തടയാൻ ടാർപാളിനും ടിൻഷീറ്റും വിരിച്ചിട്ടുണ്ട്. അതും കാലപ്പഴക്കത്തിൽ ദ്രവിച്ചു കഴിഞ്ഞു. അഞ്ചു വർഷമായി ഈ പരിതാപാവസ്ഥയിലാണ് രാധാമണിയമ്മയും മകൻ ശ്രീകുമാറും കഴിയുന്നത്.

നിത്യച്ചെലവിനും മരുന്നിനും

സ്വന്തമായി വീട് പണിയാൻ സാമ്പത്തിക ശേഷിയില്ലാത്ത നിർദ്ധന കുടുംബമാണ് രാധാമണിയമ്മയുടേത്.

65 കാരിയായ രാധാമണിയമ്മയുടെ ഭർത്താവ് ശശിധരൻപിള്ള മരിച്ചിട്ട് 23 വർഷമായി. കശുഅണ്ടി ഫാക്ടറിയിൽ നിന്ന് പെൻഷൻ പറ്റിയ രാധാമണിയമ്മ ഇപ്പോൾ താത്കാലിക തൊഴിലാളിയായാണ് ജോലിയെടുക്കുന്നത്. ദിവസം 250 രൂപ പോലും കൂലിയായി കിട്ടാറില്ല.തുച്ഛമായ പെൻഷൻ കൂടി ചേർത്താലും നിത്യച്ചെലവിനും മരുന്നിനും തികയില്ല. അവിവാഹിതനായ മകൻ ശ്രീകുമാറും കൂലിപ്പണിക്കാരനാണ്.

വീടെന്ന പ്രതീക്ഷയും മങ്ങി

എഴുകോൺ ഗ്രാമ പഞ്ചായത്തിലെ പോച്ചംകോണം വാർഡിൽ താമസിക്കുന്ന രാധാമണിയമ്മ ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷിച്ചെങ്കിലും അർഹതാ പട്ടികയിൽ നൂറിനടുത്ത നമ്പരിലാണ്. കഴിഞ്ഞ പദ്ധതി വർഷം ജനറൽ വിഭാഗത്തിലെ 16 പേർക്ക് മാത്രമാണ് ഇവിടെ ലൈഫിൽ വീട് കിട്ടിയത്. ഇക്കൊല്ലം പരമാവധി മുപ്പത് പേർക്കുള്ള പണമേ ലഭ്യമാകു. അതോടെ ലൈഫിലെ വീടെന്ന പ്രതീക്ഷയും മങ്ങിയിരിക്കുകയാണ്.