award

അഞ്ചൽ: തിരുക്കൊച്ചി മുഖ്യമന്ത്രി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ അലങ്കരിച്ച സി.കേശവന്റെ വളർച്ചയുടെ പിന്നിൽ കഠിനാധ്വാനവും അർപ്പണബോധവുമായിരുന്നുവെന്ന് കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ പറഞ്ഞു.

സി.കേശവൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ അഞ്ചലിൽ നടന്ന പ്രതിഭാ സംഗമം ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകങ്ങൾ മാത്രം പഠിച്ചതുകൊണ്ട് പൂർണ വിജയം കൈവരിക്കാൻ കഴിയില്ല. താൻ ആരാണെന്ന സത്യം ഓരോരുത്തരും തിരിച്ചറിയുകയും തന്റെ കഴിവുകൾ വിപുലമാക്കാൻ ശ്രമിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ.ജയകുമാർ അദ്ധ്യക്ഷനായി. ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ അനുഗ്രഹ പ്രഭാഷണം നടത്തി. സമ്പത്ത് കുന്നുകൂട്ടിയതുകൊണ്ട് മാത്രം മനശാന്തി ലഭിക്കുകയില്ല. പാവപ്പെട്ടവർക്ക് കൂടി ഗുണകരമായ രീതിയിൽ സമ്പത്ത് വിനിയോഗിക്കാൻ കഴിയണം. സി.കേശവൻ സ്മാരക സമിതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരവും അനുകരണീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി.തോമസ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ആനന്ദഭവൻ സെൻട്രൽ സ്കൂൾ ചെയർമാൻ അഡ്വ. ജി.സുരേന്ദ്രൻ, രചന ഗ്രാനൈറ്റ്സ് എം.ഡിയും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവുമായ യശോധരൻ രചന, ഏരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.അജയൻ, വിശ്വഭാരതി കോളേജ് പ്രിൻസിപ്പൽ എ.ജെ.പ്രതീപ്, അഞ്ചൽ ലയൺസ് ക്ലബ് പ്രസിഡന്റ് ടോണി മാത്യു ജോൺ, ഡോ. അഞ്ചൽ ബി.ദേവരാജൻ നായർ, അഞ്ചൽ ജഗദീശൻ എന്നിവർ സംസാരിച്ചു. ഡോ. ടി.ജെ.ഷൈൻ, ഫസൽ അൽ അമാൻ, ആർച്ചൽ സോമൻ, എൻ.കെ.ബാലചന്ദ്രൻ, ബി.മോഹൻകുമാർ, ഷാജഹാൻ കൊല്ലൂർവിള, മൊയ്തു അഞ്ചൽ, സാം പനച്ച വിള, വികാസ് വേണു എന്നിവർ സംബന്ധിച്ചു. സമിതി പ്രസിഡന്റ് അനീഷ് കെ.അയിലറ സ്വാഗതവും സമിതി എക്സിക്യുട്ടീവ് അംഗം അശോകൻ കുരുവിക്കോണം നന്ദിയും പറഞ്ഞു.