കൊല്ലം: രാജ്യം ഭരിക്കുന്നവർ പൊതുസമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനും സ്വകാര്യവത്കരണം കൊണ്ടുവരാനുമാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ജി.ആർ.അനിൽ. സ്‌റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ കേരള (എ.ഐ.ബി.ഇ.എ) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ കാലത്ത് ഉയർന്ന സമ്മർദ്ദവും കടുത്ത ജോലിഭാരവുമാണ് ബാങ്കിംഗ് മേഖലയിലെ ജീവനക്കാർ അനുഭവിക്കുന്നത്. ഇതുമൂലം ബാങ്കിംഗ് മേഖലയോട് പുതുതലമുറയ്ക്ക് താൽപര്യം കുറഞ്ഞുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്‌റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോ. കേരള പ്രസിഡന്റ് എസ്.സുരേഷ്‌കുമാർ അദ്ധ്യക്ഷനായി. എ.ഐ.ബി.ഇ.എ ജനറൽ സെക്രട്ടറി സി.എച്ച്.വെങ്കിടാചലം, അസോ. ജനറൽ സെക്രട്ടറി കെ.എസ്.കൃഷ്ണ, എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി ബി.രാം പ്രകാശ്, എ.ഐ.എസ്.ബി.ഐ.ഇ.എ പ്രസിഡന്റ് നർകേസർ റായ്, കൺവീനർ എം.എ.നവീൻ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 9.30ന് പ്രതിസമ്മേളനവും സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പും നടക്കും.