കാൽനട, ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണി
കൊല്ലം: കാൽനട, ഇരുചക്രവാഹന യാത്രക്കാരുടെ പേടിസ്വപനമായി നഗരത്തിൽ സ്വൈര്യവിഹാരം നടത്തി തെരുവ് നായ്ക്കൾ. നഗരത്തിലെ ജനത്തിരക്കുള്ള പ്രധാന നിരത്തുകൾ, മൈതാനങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം രാപ്പകൽ ഭേദമെന്യേ തെരുവുനായ്ക്കൾ കയ്യടക്കിയിരിക്കുകയാണ്. ചിന്നക്കട, ബീച്ച്, ബ്രേക്ക് വാട്ടർ ടൂറിസം സെന്റർ, ലൈറ്റ് ഹൗസ്, റെയിൽവേ സ്റ്റേഷൻ പരിസരം, ക്യു.എ.സി റോഡ്, പള്ളിത്തോട്ടം റോഡ് എന്നിവിടങ്ങളിലെല്ലാം തെരുവുനായ ശല്ല്യം രൂക്ഷമാണ്.
തെരുവ്നായ ശല്ല്യം മൂലം ഏറ്റവുമധികം അപകടത്തിൽപ്പെടുന്നത് ഇരുചക്ര വാഹനയാത്രികരാണ്. ദേശീയപാതയോരത്തും ഇടറോഡുകളിലും കൂട്ടമായി തമ്പടിച്ചിരിക്കുന്ന ഇവ ഇരുചക്ര വാഹനങ്ങൾക്ക് പിറകേ കുരച്ച് കൊണ്ട് ഓടിയും വേഗത്തിൽ വരുന്ന ബൈക്കിന് കുറുകെ ചാടിയുമാണ് ഏറെയും അപകമുണ്ടാകുന്നത്. കോർപ്പറേഷൻ ഓഫീസ് കോമ്പൗണ്ടിനകത്തും കൂട്ടമായാണ് ഇവറ്റകളെ കാണുന്നത്. സ്‌കൂളുകളുടെ പരിസരത്ത് നായ്ക്കൾ തമ്പടിക്കുന്നത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കും ഭീഷണിയാകുകയാണ്.
മാലിന്യം തള്ളലും
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അറവു മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ റോഡരികിൽ തള്ളുന്നത് നായ്ക്കളുടെ ശല്യം രൂക്ഷമാകാൻ കാരണമാകുന്നുണ്ട്. പള്ളിത്തോട്ടം, ബീച്ച്,വാടി, ചിന്നക്കട തുടങ്ങി വിവിധ ഇടങ്ങളിൽ വലിയ ചാക്കുകളിലാണ് മാലിന്യം തള്ളുന്നത്. വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നതും നായ്ക്കൾ പെരുകാൻ കാരണമാണ്.
പിടിച്ചുകെട്ടാൻ എ.ബി.സി
2022 സെപ്തംബർ 16 മുതൽ ഇന്നലെ വരെ 7125 തെരുവ് നായ്ക്കളെയാണ് വന്ധ്യംകരിച്ചത്. കോർപ്പറേഷൻ പരിധിയിൽ തെരുവുനായ്ക്കൾക്ക് കൃത്യസമയത്ത് വാക്സിനേഷൻ നടത്താറുണ്ടെന്നും രണ്ടുവർഷമായി തുടർച്ചയായി എ.ബി.സി പദ്ധതി നടപ്പാക്കുന്നതിലൂടെ നഗര പരിധിയിലെ നായ്കുട്ടികളുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. എന്നാൽ വന്ധ്യംകരിക്കപ്പെടാത്ത നായ്ക്കളെയാണ് തെരുവുകളിൽ കാണുന്നതെന്നും എ.ബി.സി പദ്ധതി കാര്യക്ഷമമല്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.
വന്ധ്യംകരിച്ചവ
2022 സെപ്തംബർ - 2023 മാർച്ച് - 2449
2023 ഏപ്രിൽ - 2024 മാർച്ച് - 3,933
2024 ഏപ്രിൽ- ജൂൺ 23 വരെ - 743