കൊട്ടാരക്കര: കിഴക്കേ മാറനാട് ഗവ.വെൽഫെയർ എൽ.പി സ്കൂളിന്റെ (മലയിൽ സ്കൂൾ) ദുരവസ്ഥയിൽ നാട് നീറുന്നു. ഒന്നാം ക്ളാസിലും രണ്ടാം ക്ളാസിലും ഓരോ കുട്ടികളാണുള്ളതെന്ന വസ്തുത കഴിഞ്ഞ ദിവസമാണ് നാട് ഞെട്ടലോടെ ഉൾക്കൊണ്ടത്. 'മലയിൽ സ്കൂളിൽ ആകെ 10 കുട്ടികൾ' എന്ന തലക്കെട്ടിൽ കേരളകൗമുദി സ്കൂളിന്റെ ദുരിതാവസ്ഥകളെല്ലാം അക്കമിട്ടുനിരത്തി വാർത്ത നൽകിയിരുന്നു. മതിൽക്കെട്ടിനുള്ളിലെ വിദ്യാലയത്തിലെ കുറവുകളും കുട്ടികളുടെ എണ്ണത്തിലുള്ള വീഴ്ചയുമൊന്നും നാട്ടിൽ ഇതുവരെ ചർച്ചയായിരുന്നില്ല. ഒരു സർക്കാർ വിദ്യാലയം ഇവിടെ നിന്നും അപ്രത്യക്ഷമാകാനൊരുങ്ങുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് പലരും ഉൾക്കൊണ്ടത്.
യാത്രാ ക്ളേശം രൂക്ഷം
മലയിൽ സ്കൂളിന് നാളിതുവരെ കുട്ടികൾക്ക് വന്നുപോകാനുള്ള വാഹന സൗകര്യമൊരുക്കിയിട്ടില്ല. പകുതിപ്പാറ, നെല്ലിയാംമുകൾ, ഇലഞ്ഞിക്കോട്, പമ്പ് ഹൗസ്, പനയം കോളനികളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾ ഇവിടെയാണ് പഠിച്ചിരുന്നത്. എന്നാൽ വാഹന സൗകര്യമില്ലാത്തതിനാൽ കുട്ടികൾ മറ്റ് വിദ്യാലയങ്ങളിലേക്ക് ചേക്കേറി. സ്കൂളിലെ അദ്ധ്യാപകരും കിലോ മീറ്ററുകൾ നടന്നും ഓട്ടോവിളിച്ചുമൊക്കെയാണ് സ്കൂളിലേക്ക് എത്തുന്നത്.
റോഡ് ഹൈടെക് ആകുമോ?
ചീരങ്കാവ്- പുത്തൂർ റോഡിൽ മാറനാട് നെടുമ്പുറത്തുനിന്നും തുടങ്ങി ഇലഞ്ഞിക്കോട് കാട്ടൂർ എത്തുന്ന റോഡ് സ്കൂളിന് മുന്നിലൂടെയാണ് കടന്നുപോകുന്നത്. കൊല്ലം-തിരുമംഗലം ദേശീയപാതയുമായി ബന്ധിക്കുന്ന റോഡാണിത്. പൊട്ടിപ്പൊളിഞ്ഞുകിടന്നിരുന്ന റോഡ് അടുത്തിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തി. 8 മീറ്ററിൽ കൂടുതൽ വീതിയുള്ള റോഡ് കുന്നത്തൂർ, കൊട്ടാരക്കര നിയമസഭാ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതും പവിത്രേശ്വരം, നെടുവത്തൂർ, എഴുകോൺ ഗ്രാമപഞ്ചായത്തുകളുടെ ഭാഗവുമാണ്. രണ്ട് ചെറിയ പാലങ്ങൾ പൊളിച്ച് പണിയേണ്ടതുണ്ട്. കിഫ്ബിയിൽ ഉൾപ്പെടുത്തി റോഡ് ഹൈടെക് നിലവാരത്തിൽ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത് തുടർ നടപടിയുണ്ടായില്ല. കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും അധികൃതർക്ക് താത്പര്യമില്ല. റോഡ് നവീകരിച്ച് ബസ് സർവീസ് തുടങ്ങിയാൽ മലയിൽ സ്കൂളിന്റെ വികസനത്തിനും അത് ഉപകരിക്കും.