കൊല്ലം: തകർന്നുകൊണ്ടിരിക്കുന്ന കശുഅണ്ടി വ്യവസായം സംസ്ഥാനത്ത് നിലനിറുത്താൻ സർക്കാർ ഇടപെടണമെന്ന് ഓൾ കേരള ക്യാഷ്യുനട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് എ.എ.അസീസ് ആവശ്യപ്പെട്ടു. അടഞ്ഞു കിടക്കുന്ന 700ൽ പരം സ്വകാര്യ ഫാക്ടറികൾ തുറക്കുക, കാഷ്യൂ കോർപ്പറേഷനും, ക്യാപ്ക്സും തുടർച്ചയായി ജോലി നടത്തുക, വർധിപ്പിച്ച മിനിമം കൂലി പ്രവർത്തിക്കുന്ന എല്ലാ ഫാക്ടറികളിലും നടപ്പാക്കുക, സ്റ്റാഫ് ജീവനക്കാരുടെ ശമ്പളം പുതുക്കുക, ഉപാധികൂടാതെ ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പി.പ്രകാശ് ബാബു അദ്ധ്യക്ഷനായി. ഫെഡറേഷൻ ജനറൽ സെക്രട്ടറി സജി ഡി.ആനന്ദ്, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, യു.ടി.യു.സി ജില്ലാ പ്രസിഡന്റി ഇടവനശ്ശേരി സുരേന്ദ്രൻ, ടി.സി.വിജയൻ, ജി.വേണുഗോപാൽ, എം.എസ്.ഷൗക്കത്ത്, യു.ടി.യു.സി ജില്ലാ സെക്രട്ടറി ടി.കെ.സുൽഫി, കൈപ്പുഴ റാം മോഹൻ, കുരീപ്പുഴ മോഹനൻ, ബിജു ലക്ഷ്മികാന്തൻ, എൽ.ബീനാ, രമ്യ ജെ.പിള്ള, ഷെരീഫ് എന്നിവർ സംസാരിച്ചു. കാഷ്യു കോർപ്പറേഷൻ ഹെഡ് ഓഫീസ് പടിക്കൽ കോർപ്പറേഷന്റെയും, കാപ്പക്സിന്റെയും സ്റ്റാഫ് ജീവനക്കാരുടെ കൂട്ട ധർണ്ണ ജൂലൈ 9 ന് നടത്താനും യോഗം തീരുമാനിച്ചു.