തഴവ: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി ടൗണിൽ എലിവേറ്റഡ് ഹൈവേയുടെ തൂണുകൾക്ക് വേണ്ടിയുള്ള പൈലിംഗിനിടയിൽ ജല അതോറിട്ടിയുടെ പൈപ്പുലൈനുകൾ പൊട്ടി കുടിവെള്ള വിതരണം മുടങ്ങുന്നതായി പരാതി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പല സ്ഥലങ്ങളിലും പൈപ്പുകൾക്ക് പൂർണമായോ പൊട്ടുന്നുണ്ട്. അപ്പോഴൊക്കെ കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുകയാണ് നാട്ടുകാ‌ർ. ജലവിതരണം പുന:സ്ഥാപിക്കുമ്പോൾ പലപ്പോഴും അഴുക്കും ചെളിയും കലർന്ന വെള്ളമാണ് വീടുകളിൽ ലഭിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

അശാസ്ത്രീയനിർമ്മാണം

പൈലിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുവാൻ നിർദ്ദേശം നൽകിയിരുന്നതാണെന്നാണ് ജല അതോറിട്ടി വിശദീകരിക്കുന്നത്. എന്നാൽ ഇത് പരിഗണിക്കാതെ അശാസ്ത്രീയമായ നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.