
കൊല്ലം: പെരിനാട് നാന്തിരിക്കൽ - കൈതാകോടി സെൽഫി പോയ്ന്റിൽ കടത്തുകടവും സൗരോർജ എ.ഐ ക്യാമറയും സ്ഥാപിക്കും. കോർപ്പറേഷന്റെ 'ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി ' പദ്ധതിയുടെ ഭാഗമായാണ് തീരദേശ റോഡിലെ സെൽഫി പോയ്ന്റ് സൗന്ദര്യവത്കരിക്കുന്നത്. പ്രദേശത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ വേണ്ടിയാണ് ക്യാമറ സ്ഥാപിക്കുന്നത്. കായലിലെ ആഴംകൂട്ടൽ പൂർത്തിയായി. രണ്ടുമാസത്തിനുള്ളിൽ കടവിന്റെ നിർമ്മാണം പൂർത്തിയാക്കും. ഉത്തരവാദിത്വ ടൂറിസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പെരിനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുമായി സഹകരിച്ച് മാസ്റ്റർ പ്ളാൻ തയ്യാറാക്കി പ്രവർത്തനം ഉടൻ ആരംഭിയ്ക്കുമെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജാഫി അറിയിച്ചു. കായൽ വിഭവങ്ങൾ ലഭ്യമാകുന്ന ജനകീയ ഭക്ഷണശാലയും ഉടൻ പ്രവർത്തനം ആരംഭിക്കും.