 
എഴുകോൺ: എഴുകോണിൽ ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചറിയിക്കുന്നതായി സമ്മേളനം. ജാതിമത ഭേദമന്യേ വിദ്യാഭ്യാസ പുരസ്കാരങ്ങളും പഠനോപകരണങ്ങളും നൽകിയതിലൂടെ സമ്മേളനം, ശ്രീനാരായണ ദർശനത്തിലൂന്നിയ മാതൃകാ ചടങ്ങുമായി.
കുട്ടികളും സ്ത്രീകളും അടക്കം വൻ ജനാവലിയാണ് ചടങ്ങിനെത്തിയത്. മധുര പലഹാരങ്ങളും കൈ നിറയെ പഠനോപകരണങ്ങളും ലഭിച്ചതിന്റെ സന്തോഷത്തിലാണ് എല്ലാവരും സമ്മേളന ഹാൾ വിട്ടത്. എസ്.എൻ.ഡി.പി യോഗത്തിന്റെ മുൻനിര നേതാക്കളും പ്രവർത്തകരും ചടങ്ങിനെത്തിയിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ നാടെന്ന നിലയിൽ ശ്രീനാരായണീയ ദർശനങ്ങളുമായി ആത്മബന്ധമുള്ള ശാഖയാണ് എഴുകോൺ ശാഖ. എഴുകോണും ഗുരുദേവനുമായുള്ള ചരിത്ര ബന്ധം അനാവരണം ചെയ്യുന്ന പ്രഭാഷണങ്ങളാണ് സമ്മേളനത്തിൽ ഉയർന്നത്. പ്രസിഡന്റ് വി. മന്മഥനും സെക്രട്ടറി ടി. സജീവും ഏകശിലാ രൂപത്തിൽ നയിക്കുന്ന എഴുകോൺ ശാഖ, വനിതാ യുവജന നവ മാദ്ധ്യമ രംഗങ്ങളിലും സുസജ്ജമായ സംഘടനാ സംവിധാനത്തോടെയാണ് പ്രവർത്തിക്കുന്നത്. ചികിത്സാ സഹായം, വിവാഹ ധനസഹായം, മരണാനന്തര ചടങ്ങുകൾക്കുള്ള സഹായം എന്നിവ നൽകുന്നതിലും എഴുകോൺ ശാഖ അനുപമ മാതൃകയാണ്. ഓരോ സഹായവും അർഹതപ്പെട്ടവരെ കണ്ടെത്തി നൽകുന്നതിൽ ശാഖാ നേതൃത്വം പ്രതിജ്ഞാബദ്ധമാണ്. വരും വർഷങ്ങളിൽ കൂടുതൽ പേരിലേക്ക് സഹായങ്ങൾ എത്തിക്കാനാണ് ശാഖാ സമിതി ലക്ഷ്യമിടുന്നത്.