കൊല്ലം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങി മൂന്നാഴ്ചയായിട്ടും, പെരുമൺ- പേഴുതുരുത്ത് ജങ്കാർ സർവീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കാതെ ജില്ലാ ഭരണകൂടം. ജങ്കാർ ഇല്ലാത്തതിനാൽ കുണ്ടറ വഴി 25 കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് മൺറോത്തുരത്തുകാർ ലക്ഷ്യങ്ങളിൽ എത്തുന്നത്.
മൺറോത്തുരുത്ത് പഞ്ചായത്ത് നടത്തിയിരുന്ന ജങ്കാർ സർവീസ് ഏറ്റെടുക്കാൻ പനയം പഞ്ചായത്ത് തീരുമാനിച്ചത് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷമാണ്. സർവീസ് അരംഭിക്കാൻ പെരുമാറ്റച്ചട്ടത്തിൽ ഇളവ് തേടി പനയം പഞ്ചായത്ത് കളക്ടറെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. നിയന്ത്രണങ്ങൾ നീങ്ങുമ്പോൾ പനയം, മൺറോത്തുരുത്ത് പഞ്ചായത്ത് അധികൃതരുടെയും വിവിധ വകുപ്പുകളുടെയും സംയുക്ത യോഗം വിളിച്ച ശേഷം അനുമതി നൽകുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. എന്നാൽ ഇത്ര ദിവസം കാത്തിരുന്നിട്ടും യോഗത്തിന്റെ തീയതി പോലും നിശ്ചയിച്ചിട്ടില്ല.
മൺറോത്തുരുത്തുകാർക്ക് പുറമേ പനയം പഞ്ചായത്തിലും കൊല്ലം നഗരത്തിലുമുള്ളവർ കുന്നത്തൂർ ഭാഗത്തേക്ക് പോയിരുന്നത് ഈ ജങ്കാറിലായിരുന്നു. വിനോദ സഞ്ചാരികളും ജങ്കാർ വഴി തുരുത്തിലേക്ക് എത്തിയിരുന്നു. സർവീസ് എത്രയും വേഗം ആരംഭിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രദേശവാസികൾ പനയം പഞ്ചായത്തിന് കഴിഞ്ഞ ദിവസം നിവേദനം നൽകി.
..................................................
അധികം സഞ്ചരിക്കേണ്ടത് 25 കിലോമീറ്റർ
ജങ്കാർ സർവ്വീസ് നിലച്ചിട്ട് ഒരു വർഷം
അവധി ദിവസങ്ങളിൽ 2200 യാത്രക്കാർ വരെ
മറ്റ് ദിവസങ്ങളിൽ 1800 മുതൽ 2000 വരെ
പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര
ജില്ലാ ഭരണകൂടം യോഗം വിളിച്ച് അനുമതി നൽകിയാലുടൻ ജങ്കാർ സർവീസ് അരംഭിക്കും
കെ. രാജശേഖരൻ, പനയം പഞ്ചായത്ത് പ്രസിഡന്റ്