ari

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ കതിർമണി കുത്തരി വിപണിയിലെത്തി. ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഔട്ട്‌ലെറ്റ്, ജില്ലയിലെ കൃഷിഭവനുകൾ, കുരിയോട്ടുമല ഫാം, തിരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ കതിർമണി ലഭിക്കും.

തരിശ് നിലങ്ങളിൽ പരമാവധി കൃഷിയിറക്കുന്നതിനൊപ്പം കർഷകർക്ക് മികച്ച വരുമാനവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് കതിർമണി പദ്ധതി നടപ്പാക്കിയത്. കർഷക കൂട്ടായ്മകൾ, പാടശേഖര സമിതികൾ എന്നിവ വഴി കർഷകരെ കണ്ടെത്തി തരിശ് കിടന്ന 350 ഏക്കർ നിലത്താണ് കഴിഞ്ഞ സാമ്പത്തിക വർഷം നെൽകൃഷി നടത്തിയത്. മനുരത്ന, ശ്രേയസ്, ജ്യോതി വിത്തിനങ്ങളാണ് വിളവെടുത്തത്.

കൊല്ലം പ്രസ് ക്ലബിൽ ജില്ലാ പഞ്ചായത്ത് പ്രസി‌‌ഡന്റ് പി.കെ.ഗോപാൻ വിപണനോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സെക്രട്ടറി വൈ.വിജയകുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പുഷ്പ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പദ്ധതി

 സ്വന്തം നിലത്തിൽ കൃഷി ചെയ്തവർക്ക് ഹെക്ടറിന് 40000 രൂപ സബ്സിഡി
 പാട്ടഭൂമിയിലെ കൃഷിക്ക് ഹെക്ടറിന് 35000 രൂപ കർഷകന് ഉടമയ്ക്ക് 5000 രൂപ

 അഞ്ച് കിലോയുടെ 2200 പായ്ക്കറ്റുകൾ വിപണത്തിന് തയ്യാർ

 ഗതാഗതച്ചെലവ് സഹിതം ഒരു കിലോയുടെ ചെലവ് 72 രൂപ

 ഒരു കിലോ നെല്ലിന് കർഷകന് നൽകിയത് 28.20 രൂപ

അഞ്ച് കിലോ പായ്ക്കറ്റ് വില ₹ 325