കൊല്ലം: സി.പി.എം നേതാവായ മുതിർന്ന അഭിഭാഷകനെതിരെ യുവതിയുടെ പരാതി. തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയിൽ കൊല്ലം ബാറിലെ അഭിഭാഷകനെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു. കഴിഞ്ഞ 14ന് വൈകിട്ടായിരുന്നു സംഭവം. യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് അടുത്ത ദിവസം യുവതിയെ ഫോണിൽ വിളിച്ച് മാപ്പ് അപേക്ഷിച്ചെന്നും സംഭവം ഒത്തുതീർപ്പാക്കാൻ മറ്റുള്ളവർ ഇടപെട്ടുവെന്നും പരാതിയിൽ പറയുന്നു. തന്നോട് പരസ്യമായി മാപ്പ് പറയണമെന്ന യുവതിയുടെ ആവശ്യം ആദ്യം അഭിഭാഷകൻ അംഗീകരിച്ചെങ്കിലും പിന്നീട് തീരുമാനത്തിൽ നിന്ന് പിന്മാറിയെന്നും പരാതിയിലുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.