photo
പിറവന്തൂർ പഞ്ചായത്തിലെ അലിമുക്കിൽ പ്രവർത്തിച്ച് വരുന്ന വന്മള അങ്കണവാടി അടച്ച് പൂട്ടാനുളള ശ്രമത്തിൽ പ്രതിഷേധിച്ച് ജനകീയ വേദിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ കുട്ടികളെയുമെടുത്ത് പ്രതിഷേധവുമായി പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോൾ.

പുനലൂർ: അങ്കണവാടി അടച്ച്പൂട്ടാനൊരുങ്ങി , മക്കളെയുമെടുത്ത് പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത്. പിറവന്തൂർ പഞ്ചായത്തിലെ വന്മള വാർഡിലെ അലിമുക്കിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ അങ്കണവാടി അടച്ച് പൂട്ടാനുള്ള നീക്കത്തിൽ പ്രതിക്ഷേധിച്ചാണ് ജനകീയ സുരക്ഷവേദിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയത്. 33 വർഷമായി വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തത് കാരണം കെട്ടിടത്തിലെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടതോടെയാണ് അങ്കണവാടി അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്. സമീപത്ത് ഫിറ്റ്നസ് ഉള്ള കെട്ടിടം ഉണ്ടെങ്കിലും അത് അങ്കണവാടിക്ക് നൽകുവാനോ, മറ്റ് കെട്ടിടങ്ങൾ കണ്ടെത്തുവാനോ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. ഇടത്,വലത് മുന്നണികൾ മാറി മാറി ഭരണത്തിലെത്തിയിട്ടും അങ്കണവാടിക്ക് സ്വന്തമായി ഒരു കെട്ടിടം സജ്ജമാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും സമരക്കാർ പറഞ്ഞു. ജനകീയവേദി പ്രസിഡന്റ് എലിക്കാട്ടൂർ രാജേന്ദ്രകുമാർ സമരം ഉദ്ഘാടനം ചെയ്തു. രതീഷ് അലിമുക്ക് അദ്ധ്യക്ഷനായി. നേതാക്കളായ ഗിരീഷ്മോഹൻ, വിഷ്ണു, ശിവൻകുട്ടി, ലക്ഷിമി പ്രഭ, വിഷ്ണു ചന്ദ്രശേഖരൻ, സുനിൽകുമാർ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.