കരുനാഗപ്പള്ളി: ഇന്നലെ പെയ്ത മഴയിലും വീശിയടിച്ച കാറ്റിലും കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ വീണ് വ്യാപകമായ നാശം ഉണ്ടായി. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ ബഹുനില കെട്ടിടത്തിലേക്ക് അടുത്ത പുരയിടത്തിലെ കൂറ്റൻ മരം വീണ് കെട്ടിടത്തിന് നാശം സംഭവിച്ചു. മേൽക്കൂരയും ഓടും ഷീറ്റുകളും ഭിത്തിയും തകർന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആലപ്പാട് ആലുംകടവ് ശക്തിപ്പറമ്പ് ഗവ.എൽ.പി സ്കൂളിന് മുന്നിൽ നിന്ന ആൽമരം വീണ് അടുത്ത വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ പൂർണമായും തകർന്നു. ക്ലാസ് നടക്കുന്ന സമയത്താണ് അപകടം ഉണ്ടായത്.

വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു

ആലപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം കാറ്റാടി മരം വൈദ്യുതി ലൈനിൽ വീണ് വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു. ചെറിയഴീക്കൽ ഗവ.ഹൈസ്കൂളിന് സമീപം തെങ്ങ് വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി തടസപ്പെട്ടു. കോഴിക്കോട് പീടിക മുക്കിന് സമീപം അഭിജിത്തിന്റെ വീടിന് മുകളിൽ മരം വീണ് വീടിന്റെ മുകൾ ഭാഗം തകർന്നു. തഴവാ കുറ്റിപ്പുറത്തിന് തെക്ക് വശം തേക്കും റബർ മരവും റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു.

ആലപ്പാട്ട് കടലാക്രമണം

വൈദ്യുതി ലൈനിലും റോഡിലും വീണ മരങ്ങൾ കരുനാഗപ്പള്ളിയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. കെ.എസ്.ഇ.ബി അധികൃതർ ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തി വൈദ്യുതി ബന്ധവും പുനസ്ഥാപിച്ചു. താലൂക്ക് ഓഫീസിൽ നിന്ന് റവന്യൂ ഉദ്യോഗസ്ഥർ മരങ്ങൾ വീണ് നാശ നഷ്ടം സംഭവിച്ച വീടുകളും സ്ഥലങ്ങളും സന്ദർശിച്ചു. ആലപ്പാട്ട് പഞ്ചായത്തിൽ ഉടനീളം ശക്തമായ കടലാക്രമണം ഉണ്ടായി.