കൊല്ലം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുക, വിദ്യാഭ്യാസ മേഖലയോടുള്ള സർക്കാർ അനാസ്ഥ അവസാനിപ്പിക്കുക, കെ.എസ്.ആർ.ടി.സി വിദ്യാർത്ഥി കൺസഷനിലെ ഓൺലൈൻ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ഏഴ് തവണ കണ്ണീർ വാതകം പ്രയോഗിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് മാർച്ച് കളക്ടറേറ്റിലെത്തിയത്. കളക്ടറേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ അദ്ധ്യക്ഷനായി. ഉദ്ഘാടന പ്രസംഗം അവസാനിച്ചതിന് പിന്നാലെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ഇതിനിടെ കൊടി കെട്ടിയ വടിയും കല്ലും പൊലീസിന് നേരേ എറിഞ്ഞു. ഇതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് ഏഴോളം തവണയാണ് കണ്ണീർ വാതകം പ്രയോഗിച്ചത്. ഇതിനിടെ കെ.എസ്.യു പ്രവർത്തകർ കളക്ടറേറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് നീക്കി.

ഒരുമണിക്കൂർ സംഘർഷഭരിതം

ഒരു മണിക്കൂറിലേറെ കളക്ടറേറ്റ് പരിസരം സംഘർഷഭരിതമായിരുന്നു.നാല് സി.ഐമാരുടെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. കെ.എസ്. യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആഷിക് ബൈജു, എം.എസ്.അനീസ്, അമൃതപ്രിയ, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റുമാരായ, നെസ്‌ഫൽ കലത്തിക്കാട്, പൗർണമി, ഫൈസൽ കുഞ്ഞുമോൻ, ജിത്തു രാധമണി എന്നിവർ നേതൃത്വം നൽകി.