കരുനാഗപ്പള്ളി: പഞ്ചാബിലെ മൊഹാലിയിൽ നടന്ന അടൽ ടിങ്കറിംഗ് ലാബ്‌സ് അനുമോദന സമ്മേളനത്തിൽ പുതിയകാവ് അമൃതവിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിനി ഭവ്യശ്രീ സുരവജ്ജാലയ്ക്ക് ദേശീയതലത്തിൽ അംഗീകാരം. അഡോളസെൻസിയോ എന്ന വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തതിനാണ് അംഗീകാരം. മൊഹാലിയിലെ ഇന്ത്യൻ സ്‌കൂൾ ഒഫ് ബിസിനസിൽ (ഐ.എസ്.ബി) നടന്ന ചടങ്ങിൽ ഭവ്യശ്രീയെ അനുമോദിച്ചു. ദേശീയതലത്തിൽ നടത്തിയ അടൽ കാറ്റലിസ്‌റ്റ് പ്രോഗ്രാമിൽ പതിനായിരത്തിലധികം ടീമുകൾ പങ്കെടുത്തത്തിൽ ആദ്യ ഘട്ടത്തിൽ മികച്ച 100 പ്രൊജക്ടുകളിലും പിന്നീട് രാജ്യത്തെ ഏറ്റവും മികച്ച 10 പ്രൊജക്ടുകളിലും ഭവ്യശ്രീ വികസിപ്പിച്ചെടുത്ത അഡോളസെൻസിയോ വെബ്‌സൈറ്റ് ഇടംപിടിച്ചിരുന്നു. അമൃത യൂണിവേഴ്‌സിറ്റിയിലെ ഗായത്രി മണിക്കുട്ടി, ഗണേഷ് നാരായണൻ, ഐ.എസ്.ബിയിലെ ശാസ്ത്രജ്ഞനായ അനിർവിന്യ എന്നിവരാണ് ഈ പ്രേജക്ടിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയത്.
അഡോളസെൻഷ്യോ
കൗമാരത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന ശാരീരികവും, വൈകാരികവും, മാനസികവുമായ മാറ്റങ്ങൾ മൂലം കൗമാരക്കാരിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനുവേണ്ടിയുള്ള സംവിധാനമാണ് അഡോളസെൻഷ്യോ എന്ന വെബ്‌സൈറ്റ്. കൗമാരക്കാർക്ക് വെബ്‌സൈറ്റിലെ വിവരങ്ങൾ വായിച്ച് ഉപയോഗപ്രദമാക്കാനും മറ്റ് കൗമാരക്കാരോട് ഒരു മോഡറേറ്റഡ് ചാറ്റ്‌റൂമിൽ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നെ ചോദിച്ച് പരിഹാരം കണ്ടെത്താനും ഇതിലൂടെ കഴിയും. ഇതിലൂടെ അവർക്ക് പരിഹാരം ലഭിച്ചില്ലെങ്കിൽ, മനശാസ്ത്രജ്ഞരോട് സംവദിക്കാനും ഉപദേശങ്ങൾ തേടാനുമുള്ള സൗകര്യവും സൈറ്റിൽ സജ്ജമാക്കിയിട്ടുണ്ട്.