
കൊല്ലം: 1975ലെ ഒരു രാത്രിയിൽ പാരിപ്പള്ളിക്കാർ അലറിവിളിച്ചുള്ള മുദ്രാവാക്യം കേട്ട് ഞെട്ടിയുണർന്നു. പുറത്തേക്ക് ഓടിയിറങ്ങിയപ്പോൾ പൊലീസിന്റെ ഇടിവണ്ടി ഇരുട്ടിലേക്ക് ചീറിപ്പാഞ്ഞു. ഇടിവണ്ടി കാണാനില്ലെങ്കിലും അതിൽ നിന്ന് ഉച്ചത്തിലുള്ള മുദ്രാവാക്യവും പൊലീസുകാരുടെ അസഭ്യവർഷവും കേൾക്കുന്നുണ്ടായിരുന്നു.
അടിയന്തരാവസ്ഥയ്ക്കെതിരെ സമരം നയിച്ചതിന് കൊല്ലം എസ്.എൻ കോളേജിലെ എസ്.എഫ്.ഐ നേതാവ് പാരിപ്പള്ളി രവീന്ദ്രനെ പൊലീസ് അർദ്ധരാത്രി വീട്ടിൽ കയറി അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു.
ലാത്തികൊണ്ട് മുതുകത്ത് അടിച്ചും ബൂട്ട് കൊണ്ട് ചവിട്ടിയും പൊലീസുകാർ കാമ്പസിലെ മറ്റ് സഹപ്രവർത്തകരുടെ വീടുകൾ അന്വേഷിച്ചു. എസ്.എഫ്.ഐ സിന്ദാബാദ് എന്ന് മാത്രമായിരുന്നു പാരിപ്പള്ളിയുടെ മറുപടി. പൊലീസുകാർ നേരത്തെ അന്വേഷിച്ച് വച്ചിരുന്ന എസ്.എഫ്.ഐക്കാരുടെ വീടുകളിൽ പൊലീസ് അദ്ദേഹവുമായെത്തി. പലരും വീടുകളിൽ ഉണ്ടായിരുന്നില്ല. അതിന്റെ അരിശം പാരിപ്പള്ളി രവീന്ദ്രന്റെ മുഖത്ത് എരിയുന്ന സിഗരറ്റ് കുത്തിയാണ് പൊലീസ് തീർത്തത്. കൊല്ലം നഗരത്തിലെത്തിയപ്പോഴേക്കും അദ്ദേഹം ഇടിവണ്ടിയുടെ പ്ലാറ്റ്ഫോമിൽ ചോരയൊലിച്ച് കിടക്കുകയായിരുന്നു. ആ അവസ്ഥയിൽ ജയിലിൽ ഇടാൻ കഴിയാത്തതിനാൽ ദിവസങ്ങളോളം ആശുപത്രിയിലെ പൊലീസ് സെല്ലിൽ പാർപ്പിച്ചു. പിന്നെ മാസങ്ങൾ നീണ്ട ജയിൽവാസം. പുറത്തിറങ്ങിയ ശേഷവും അദ്ദേഹം അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടം തുടർന്നു.
കല്ലുവാതുക്കൽ പഞ്ചായത്ത് എച്ച്.എസിൽ പഠിക്കുമ്പോഴേ പാരിപ്പള്ളി രവീന്ദ്രൻ എസ്.എഫ്.ഐ നേതാവായിരുന്നു. പിന്നെ കൊല്ലം എസ്.എൻ കോളേജിൽ പ്രീഡിഗ്രി, ബി.എ പഠനം. കാമ്പസുകളിലും സ്കൂളുകളിലും കെ.എസ്.യു കൊടികുത്തിവാണിരുന്ന കാലമായിരുന്നു. കാമ്പസിന്റെ ചുവരുകളെ വിറപ്പിക്കുന്ന പാരിപ്പള്ളി രവീന്ദ്രന്റെ പ്രസംഗമാണ് അക്കാലത്ത് പലരെയും എസ്.എഫ്.ഐ ആക്കിയത്. അദ്ദേഹത്തെ പോലെ പലരും ഹിപ്പി മോഡലിൽ മുടി നീട്ടി വളർത്തി. അദ്ദേഹത്തിന്റെ കവിതകൾ വായിച്ച് നെരുദ എന്ന് സ്നേഹത്തോടെ വിളിച്ചു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റായി മാറിയ അദ്ദേഹമാണ് എസ്.എഫ്.ഐയുടെ വേരുകൾ ജില്ലയിലെ സ്കൂളുകളിലേക്ക് പടർത്തിയത്. തിരുവനന്തപുരം ലാ കോളേജിൽ നിന്ന് എൽ.എൽ.ബിയെടുത്തു.
പ്രമുഖ കേസുകളിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ
തിരക്കേറിയ അഭിഭാഷകനായതോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് അല്പം പിൻവാങ്ങി. വിചാരണ പുരോഗമിക്കുന്ന പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം, പി.എസ്.സി പരീക്ഷാ തട്ടിപ്പ് അടക്കം പല പ്രമുഖ കേസുകളിലെയും സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു. അടുത്തിടെ തിരുനെൽവേലി സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ ക്രിമിനോളജി ആൻഡ് പൊലീസ് സയൻസിൽ എം.എ പാസായി. ഇപ്പോൾ ക്രിമിനോളജിയിലും ക്രിമിനൽ ജസ്റ്റിസിലും ഗവേഷണം നടത്തുകയായിരുന്നു. പണ്ട് ക്ലാസ് മുറികളിലേത് പോലെ ഇപ്പോൾ കോടതി മുറികളെയും വാദമുഖങ്ങളിലൂടെ ത്രസിപ്പിച്ചിരുന്ന അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചാണ് കഴിഞ്ഞദിവസം യാത്രയായത്. കൊല്ലം തോപ്പിൽക്കടവിലെ വീട്, ബാർ അസോസിയേഷൻ ഹാൾ എന്നിവിടങ്ങളിൽ പൊതുദർശനത്തിന് ശേഷം അദ്ദേഹത്തിന്റെ ഭൗതികദേഹം ഇന്നലെ വൈകിട്ട് മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിച്ചു.