a
വേട്ടുതറയിൽഅടിപ്പാത നിർമ്മാണത്തിനുള്ള പഠന റിപ്പോർട്ട് ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എയുടെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തയ്യാറാക്കുന്നു

ചവറ: വേട്ടുതറയിൽ ഉൾപ്പെടെ അടിപ്പാത നിർമ്മാണത്തിനും ദേശീയപാതയിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനും നടപടിയ്ക്കായി പഠന റിപ്പോർട്ട് തയ്യാറാക്കും. മഴക്കാലമായതോടെ ദേശീയപാതയിലെ വെള്ളക്കെട്ട് അപകട സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ ഈ വിഷയം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി, മന്ത്രി നേരിട്ട് റിപ്പോർട്ട് നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. റിപ്പോർട്ട് തയ്യാറാക്കാൻ ദേശീയപാത വിഭാഗം എൻജിനിയർമാർ, വിശ്വസമുദ്ര കൺസ്ട്രക്ഷൻ കമ്പനിയുടെ എൻജിനിയർമാരും സംയുക്തമായി ശക്തികുളങ്ങര, നീണ്ടകര, ചവറ, പന്മന എന്നിവിടങ്ങളിൽ സന്ദർശിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും ഉൾപ്പടെയുള്ള റിപ്പോർട്ട് ഉടൻ തയ്യാറാക്കി നൽകുമെന്ന് ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ അറിയിച്ചു. ഇതോടൊപ്പം വേട്ടുതറ ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവും പഠന റിപ്പോർട്ടിൽ ഉൾപ്പെടുത്തും. എം.എൽ.എയോടൊപ്പം നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ.രജിത്ത്, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സുരേഷ്കുമാർ എന്നിവരും ഉണ്ടായിരുന്നു.