എഴുകോൺ : മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ വ്യാപക നാശം. വിവിധ ഇടങ്ങളിൽ വൻ മരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീണ് നാടാകെ മണിക്കൂറുകളോളം ഇരുട്ടിലായി. ഫയർഫോഴ്സും കെ.എസ്.ഇ.ബി ജീവനക്കാരും രാത്രി വൈകിയും മരങ്ങൾ മുറിച്ചു നീക്കിയും തൂണുകളും കമ്പിയും മാറ്റിയിട്ടും വൈദ്യുതി ബന്ധം പൂർണമായും പുന സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് കാറ്റും മഴയും എത്തിയത്.
എഴുകോൺ, കൊട്ടാരക്കര, പെരുമ്പുഴ സെക്ഷനുകളുടെ പരിധിയിൽ സമാന സ്ഥിതിയാണ്. കല്ലുംപുറം, മാറനാട്, ഇരുമ്പനങ്ങാട്, ചീക്കോ ലി, നെല്ലിമുക്ക്, മുളവന , പാട്ടമുക്ക്, പുന്നത്തടം തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി തൂണുകളും ലൈനുകളും തകർന്നു. തേക്ക് ഉൾപ്പെടെയുള്ള വൻ മരങ്ങളും, റബർ, തെങ്ങ് തുടങ്ങിയവയുമാണ് ലൈനിലേക്ക് മറിഞ്ഞത്. ഇടയ്ക്കിടം പ്ലാക്കോട് റോഡിലേക്ക് മരം വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
നെടുവത്തൂർ ആനക്കോട്ടൂർ ഭാഗങ്ങളിലും വലിയ നാശമുണ്ടായി. കുണ്ടറ പള്ളിമുക്കിന് സമീപം കശുഅണ്ടി ഫാക്ടറിയിൽ നിന്ന വന്മരങ്ങൾ പിൻ വശത്തെ കനാലിന് സമീപത്തെ വൈദ്യുതി ലൈനിലേക്ക് കടപുഴകി. കുണ്ടറയിൽ നിന്ന് ഫയർഫോഴ്സ് എത്തി ഏറെ പണിപ്പെട്ടാണ് വീണ മരം മുറിച്ചു നീക്കിയത്. രാത്രി 9 മണിയോടെയാണ് വൈദ്യുതി ഭാഗികമായെങ്കിലും പുനസ്ഥാപിച്ചത്.