കൊട്ടാരക്കര: ഇന്നലത്തെ മഴയും കാറ്റും കൊട്ടാരക്കര താലൂക്കിൽ വൻ നാശനഷ്ടം വരുത്തി. പത്തോളം വീടുകൾ തകർന്നു. വ്യാപകമായി മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞ് വീടിനുമേൽ പതിച്ചുമാണ് നാശ നഷ്ടമുണ്ടായത്.

പുത്തൂർ പവിത്രേശ്വരം വഞ്ചിമുക്കിന് സമീപം മഹാദേവർ ക്ഷേത്രത്തിനടുത്തു നിന്ന ആൽമരം കടപുഴകി വീണ് ക്ഷേത്ര മതിൽ തകർന്നു. നാലമ്പലത്തിനും നിസാര കേടുപാടു സംഭവിച്ചു.

നെടുവത്തൂർ കുഴക്കാട് പേർഷ്യൻമുക്ക് ഷാജി മന്ദിരത്തിൽ ഷാജിയുടെ വീടിന് മുകളിലേക്ക് പ്ളാവ് വീണ് കേടുപാടു സംഭവിച്ചു. വിലങ്ങറ സുധൻ നിവാസിൽ മിനി സുധന്റെ വീടും മരം വീണ് തക‌ർന്നിട്ടുണ്ട്. മാങ്കോട് കുളത്തറ എസ്.എസ് മൻസിലിൽ സനോഫറിന്റെ വീട്ടു മുറ്റത്തു നിന്ന തേക്കുമരം ഒടിഞ്ഞ് വീടിന് മേൽ വീണ് നാശം സംഭവിച്ചു. പെരുങ്കുളം പള്ളിക്കൽ ഭാഗത്ത് വ്യാപകമായനശം സംഭവിച്ചു. പള്ളിക്കൽ ഭാഗത്ത് മരം വീണ് ട്രാൻസ്ഫോമർ തകർന്നു. പത്തിലധികം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നിട്ടുണ്ട്. പലഭാഗത്തും വൈദ്യുതി വിതരണം താറുമാറായി.