പുനലൂർ: ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം അതിരുവിട്ട മുസ്ലിം പ്രീണനമാണെന്ന് അഭിപ്രായപ്പെട്ട എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വർഗീയ വാദിയെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്ന ശക്തികളെ ചെറുക്കാൻ പത്തനാപുരം യൂണിയൻ അതിർത്തിയിലെ ശാഖ യോഗം ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു. കേരളത്തിൽ ഇടത്, വലത് മുന്നണികൾ തുടർച്ചയായി നടത്തുന്ന വർഗീയ പ്രീണന നയം കാരണം സാമൂഹിക നീതി ഇല്ലാതായി. ഈ യാഥാർത്ഥ്യമാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരസ്യമായി പറഞ്ഞത്. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി, വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ, യൂണിയൻ സെക്രട്ടറി ബി.ബിജു, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പിറവന്തൂർ ഗോപാലകൃഷ്ണൻ, എം.എം.രാജേന്ദ്രൻ, യൂണിയൻ കൗൺസിലറൻമാരായ വി.ജെ.ഹരിലാൽ,പി.ലെജു.റിജു വി.അമ്പാടി, ജി.ആനന്ദൻ,എസ്.ശശിപ്രഭ, ബി.കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു.