t

കൊല്ലം: വാട്ടർ അതോറി​ട്ടി​യുടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന, പനയം പഞ്ചായത്തിലെ പെരുമൺ മുതൽ ചെമ്മക്കാട് വരെയുള്ളവർ കുടിവെള്ളമില്ലാതെ വലയാൻ തുടങ്ങിയിട്ട് ഒരാഴ്ച. ദൈനംദിന ആവശ്യങ്ങൾക്ക് വെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്.

ഏകദേശം രണ്ടായിരത്തോളം കുടുംബങ്ങൾ ഇവിടെയുണ്ട്. സ്വകാര്യ ഏജൻസികൾ കൊണ്ടുവരുന്ന വെള്ളം 1,000 ലിറ്ററിന് 600 രൂപയോളമാകും. കൂലിപ്പണി ചെയ്തും മറ്രും കുടുംബം പോറ്റുന്നവർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കുടിവെള്ളക്ഷാമം മൂലം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ വളരെ അരഷ്ടിച്ചാണ് കുടിവെള്ളം ഉപയോഗിക്കുന്നതും. വേനൽക്കാലത്തും ഈ പ്രദേശങ്ങളിൽ വെള്ളം കിട്ടാക്കനി ആയിരുന്നു. അന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വല്ലപ്പോഴുമൊക്കെ വിതരണം ചെയ്തിരുന്നു. പകുതിയിലേറെ വീട്ടിലും കിണറില്ല. കായൽ തീരത്തുള്ള വീടുകളിലെ കിണറുകളിൽ നിന്നുള്ള വെള്ളം കുടിക്കാനും കഴിയില്ല. കുടിവെള്ളം കിട്ടാത്ത വിവരം പലതവണ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും വേണ്ട നടപടികൾ എടുക്കുന്നില്ലെന്നാണ് ആക്ഷേപം.

പുതിയ പമ്പും കേടായി


റെയിൽവേ സ്റ്റേഷൻ വാർഡിൽ തെക്കേവീട്ടിൽമുക്കിൽ പ്രവർത്തിച്ചിരുന്ന കുഴൽക്കിണർ പ്രവർത്തന രഹിതമായതോടെ കഴിഞ്ഞവർഷമാണ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പുതിയ കിണർ നിർമ്മിച്ചത്. 1.75,000 ചെലവാക്കി ഈ കിണറ്റിൽ സ്ഥാപിച്ച പുതിയ പമ്പ് സെറ്റ് അധികം വൈകാതെ കേടായി.

കുടിവെള്ള ക്ഷാമം രൂക്ഷമായ വാർഡുകൾ

 പെരുമൺ ഈസ്റ്റ്

 പെരുമൺ വെസ്റ്റ്

 പി.എച്ച്.സി

 റെയിൽവേ സ്റ്റേഷൻ

 ചെമ്മക്കാട്

പരാതി പറഞ്ഞ് മടുത്തു. കുടിവെള്ളം കിട്ടാതെ നട്ടംതിരിയുകയാണ് നാട്ടുകാർ. പ്രശ്നത്തിന് ഉടൻ പരിഹാരം കാണാൻ അധികൃതർ തയ്യാറാകണം

ആർ. പ്രതാപ കൃഷ്ണൻ ,ബി.ജെ.പി പനയം പഞ്ചായത്ത് സമിതി പ്രസിഡന്റ്

പണികൾ നടക്കുകയാണ്. കേടായ മോട്ടർ മാറ്റി സ്ഥാപിച്ച് അടുത്ത ദിവസം തന്നെ കുടിവെള്ള വിതരണം ആരംഭിക്കും

കെ.രാജശേഖരൻ , പ്രസിഡന്റ്, പനയം ഗ്രാമപഞ്ചായത്ത്