പത്തനാപുരം: കരാറുകാരന് പാർട്ട് ബിൽ മാറിക്കിട്ടി സാമ്പത്തിക പ്രതിസന്ധി നീങ്ങിയിട്ടും പള്ളിമുക്ക് - അലിമുക്ക് റോഡ് പണിയുടെ കാര്യത്തിൽ പുരോഗതിയില്ല. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ജർമ്മൻ സാങ്കേതിക വിദ്യ പ്രകാരം നിർമ്മാണം തുടങ്ങിയ റോഡിന്റെ പണി കരാറുകാരൻ ഇടയ്‌ക്ക് നിറുത്തി പോയത്. കിഫ്ബി ഫണ്ടുപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം നടക്കുന്നത്. ബില്ല് മാറിയതിന്റെ ആശ്വാസത്തിൽ കരാറുകാരൻ തൊലിപ്പുറത്തെ ചികിത്സ കണക്കെ എന്തൊക്കയോ ചെയ്തെങ്കിലും റോഡിന്റെ അവസ്ഥയ്ക്ക് മാറ്റമൊന്നുമുണ്ടായില്ല. കാൽനടക്കാർക്ക് പോലും ആശ്രയിക്കാൻ കഴിയാത്ത തരത്തിൽ സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ് റോഡിപ്പൊഴും. പത്തനംതിട്ട - കൊല്ലം അതിർത്തിയിലെ ഏനാത്ത് നിന്ന് ആരംഭിക്കുന്ന റോഡിന്റെ നവീകരണം ഏകദേശം ഒരു വർഷം മുമ്പാണ് ആരംഭിച്ചത്.
തുടരുന്ന ദുരിത യാത്ര
വേനൽക്കാലത്ത് പൊടിശല്ല്യം കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാർ മഴക്കാലമായതോടെ ചെളിയിൽ കുഴഞ്ഞ പാതയിലൂടെ ദുരിത യാത്ര തുടരുകയാണ്. പുന്നല, കറവൂർ ഭാഗങ്ങളിൽ റോഡ് ഉയരം കൂട്ടുന്നതിന്റെ ഭാഗമായി കലുങ്കുകൾ പൊളിച്ചു മാറ്റിയത് കാരണം മഴക്കാലത്ത് ഈ ഭാഗത്തെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു. വെള്ളം കെട്ടി നിന്നതോടെ നിർമ്മാണത്തിലിരിക്കുന്ന റോഡ് ചളിക്കുളമായി. ഏകദേശം 16 കീലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ചാച്ചിപുന്ന മുതൽ കറവൂർ, പുന്നല ഭാഗത്തേക്കുള്ള 12 കിലോമീറ്ററോളം പാതയാണ് നിലവിൽ ഇത്തരത്തിൽ സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്
16 കീലോമീറ്റർ റോഡ്
12 കി.മി റോഡ് നാശത്തിൽ
സാമ്പത്തിക പ്രതിസന്ധി മാറി. ഇനി മഴയുടെ പേരിലായിരിക്കും പണി നീളുക.ഇപ്പോൾ ഒരു വർഷം പിന്നിടുന്നു .
കെ. മധു
കേരളകൗമുദി കുറവൂർ യുവദീപ്‌തി
ഏജന്റ്