പരവൂർ: പരവൂർ നഗരസഭ പരിധിയിലെ ദയാബ്ജി ജംഗ്ഷൻ, പരവൂർ ജംഗ്ഷൻ, തെക്കുംഭാഗം പുത്തൂർ പാലത്തിനു സമീപം എന്നിവിടങ്ങളിൽ അനധികൃത മത്സ്യക്കച്ചവടം വർദ്ധിച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ.
ദയാബ്ജി ജംഗ്ഷനിൽ വീടുകൾക്ക് മുന്നിലാണ് കച്ചവടം. പുത്തൂർ പാലത്തിനു സമീപം റോഡിന്റെ വശങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രവും വിൽപ്പനയ്ക്കുള്ള ഇടങ്ങളായി. ബസ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗിക്കാനാകാതെ യാത്രക്കാർ പുറത്തു നിൽക്കേണ്ട സ്ഥിതിയായി. മലിന ജലവും അവശിഷ്ടങ്ങളും മാലിന്യ പ്രശ്നവും സൃഷ്ടിക്കുന്നുണ്ട്. പരവൂരിലെ മത്സ്യച്ചന്ത നടത്തിപ്പിന് നഗരസഭ ലേലം വിളിച്ചാലും ആരും എത്താറില്ല. അഥവാ ആരെങ്കിലും ലേലം പിടിച്ചാൽ, വഴിയോരക്കച്ചവടങ്ങൾ നിയന്ത്രിക്കാത്തതിനാൽ ഇവർക്ക് വൻ നഷ്ടവുമുണ്ടാവും.
മത്സര ടെണ്ടർ നടക്കാത്തതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടാകുന്നത്. അനധികൃത വിൽപ്പനയ്‌ക്കെതിരെ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയാലും തുടർ നടപടികൾ ഉണ്ടാകാറില്ല.