കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷനിൽ റെയിൽവേ ഗേറ്റിന് സമീപം നിൽക്കുന്ന പേരാലിന്റെ ശിഖരം ഒടിഞ്ഞുവീണ് വയോധികന് ഗുരുതര പരി​ക്ക്. കപ്പലണ്ടിമുക്ക് ക്യു.എം.സി നഗറിൽ ജോർജ് രാജുവിനാണ് (75) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. പോളയത്തോട് ശ്മശാനത്തിന് സമീപം ലോട്ടറി കച്ചവടം ചെയ്യുന്ന ഇദ്ദേഹം റെയിൽവേഗേറ്രിനടുത്തുള്ള ചായക്കടയിൽ നിന്ന് ചായകുടിച്ച ശേഷം മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

പേരാലിന്റെ മദ്ധ്യഭാഗമാണ് റെയിൽവേ ഗേറ്റിന് സമീപത്തേക്ക് ഒടിഞ്ഞുവീണത്. ശബ്ദം കേട്ട് എത്തിയവർ കണ്ടത് ശിഖരങ്ങൾക്കിടയിൽ ചോരവാർന്ന് കിടക്കുന്ന രാജുവിനെയാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഉടൻ തന്നെ ജില്ലാആശുപത്രിയിലേക്കും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് കോളേജ് ആശുപത്രി​യി​ലേക്കും മാറ്റി​. പേരാലിന് സമീപത്തുണ്ടായിരുന്ന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും ഭാഗികമായി തകർന്നു. ഒടിഞ്ഞുവീണ് ശിഖരങ്ങൾ കടപ്പാക്കടയിൽ നിന്നു ഫയർഫോഴ്സ് സംഘമെത്തി മുറിച്ചുമാറ്റി. മൂന്നര മണിക്കൂറോളം സമയമെടുത്താണ് ശിഖരങ്ങൾ പൂർണമായും നീക്കം ചെയ്തത്. തിരുവനന്തപുരത്തു നിന്നും എറണാകുളം ഭാഗത്തേക്കു പോയ വാഹനങ്ങൾ കപ്പലണ്ടിമുക്ക് വഴി തിരിച്ചുവിട്ടു. കൊല്ലം ഈസ്റ്റ് പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.

ഒഴിവായത് വൻ ദുരന്തം

'ആരുടെയെങ്കിലും ജീവന് ആപത്തുവരുന്നതുവരെ അധികൃതരാരും തിരിഞ്ഞു നോക്കില്ല. സ്കൂൾ ഉള്ള ദിവസമായിരുന്നെങ്കിൽ... അത് ഓർക്കാൻ പോലും വയ്യ. അപകടത്തിന് തൊട്ടുമുൻപാണ് റെയിൽവേ ഗേറ്റ് തുറന്നത്. അതുവരെ ഇവിടെ നിറയെ വണ്ടികളും ഉണ്ടായിരുന്നു...'- ഇതു പറയുമ്പോൾ, സംഭവം കണ്ടുനിന്ന ഷേർളിയുടെ ഞെട്ടൽ മാറിയിരുന്നില്ല. ശിഖരങ്ങൾ വീഴുന്നതിന് മിനിറ്രുകൾക്ക് മുൻപാണ് റെയിൽവേ ഗേറ്റ് തുറന്നതും വാഹനങ്ങൾ കടന്നുപോയതും. സാധാരണ ദിവസങ്ങളിൽ ഈ സമയം സ്കൂൾ വിട്ട് വിദ്യാർത്ഥികൾ അപകടം നടന്ന ഭാഗത്ത് കൂട്ടം കൂടി നിൽക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു . ഈ പേരാലിന് സമീപത്തായി നിരവധി കടകളും പ്രവർത്തിക്കുന്നുണ്ട്. പേരാലിന്റെ തണലിൽ സ്ഥിരമായി ലോട്ടറി കച്ചവടം ചെയ്യുന്ന ആൾ രക്ഷപ്പെട്ടതും തലനാരിഴയ്ക്കാണ്.