കൊല്ലം: കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കറായി അംഗീകരിക്കാൻ മനസ് കാട്ടാത്ത നരേന്ദ്രമോദിയും മന്ത്രി ഒ.ആർ.കേളുവിന് ദേവസ്വം വകുപ്പ് നൽകാത്ത പിണറായി വിജയനും ദളിത് വിരുദ്ധ സമീപനത്തിൽ ഫാസിസ്റ്റ് മനോഭാവമാണ് കാട്ടുന്നതെന്ന് യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം.ഹസൻ. കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കർ സ്ഥാനം നിഷേധിച്ച മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദിന് നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. നേതാക്കളായ ബിന്ദുകൃഷ്ണ, എം എം.നസീർ, പി.ജർമ്മിയാസ്, സൂരജ് രവി, ചിറ്റുമൂല നാസർ, അരുൺരാജ്, വാര്യത്ത് മോഹൻ, രാജേന്ദ്രൻനായർ, ജി.ജയപ്രകാശ്, പ്രതീഷ് കുമാർ, പി.ശ്രീജ, കോതേത്ത് ഭാസുരൻ തുടങ്ങിയവർ നേതൃത്വം നൽകി.