കൊല്ലം: കൊവിഡ് അടക്കമുള്ള മഹാമാരികളെ കീഴടക്കിയെങ്കിലും എപ്പോഴും ജാഗ്രത വേണമെന്ന് കളക്ടർ എൻ.ദേവിദാസ് പറഞ്ഞു. കേരളകൗമുദിയുടെയും കൊല്ലം എസ്.എൻ കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹെൽത്ത് കെയർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യ സൂചികകളിൽ മുന്നിൽ നിൽക്കുമ്പോഴും നമ്മുടെ നാട്ടിൽ പകർച്ചാവ്യാധികൾ പിടിമുറുക്കുന്നു. ലോകത്ത് എവിടെ പൊട്ടിപ്പുറപ്പെടുന്ന പകർച്ചാവ്യാധിയും നമ്മുടെ നാട്ടിലുമെത്തും. അതിർത്തി അടച്ചും യാത്രകൾ നിരോധിച്ചും പ്രതിരോധിക്കുക പ്രയാസമാണ്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ രോഗങ്ങളെ വലിയളവിൽ പ്രതിരോധിക്കാനാകും. വിദ്യാർത്ഥികൾ ഇത്തരം പ്രവർത്തനങ്ങളുടെ മുൻനിരയിലേക്ക് എത്തണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി.മനോജ് അദ്ധ്യക്ഷനായി. മുഖ്യാതിഥിയായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച ഡോക്ടർമാർക്കുള്ള കേരളകൗമുദിയുടെ ഉപഹാരം സമ്മാനിച്ചു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണവും ഡി.എം.ഒ ഇൻ ചാർജ് ഡോ. എം.എസ്.അനു ആമുഖ പ്രഭാഷണം നടത്തി. കോളേജ് ഐ.ക്യു.എ.സി കോ- ഓർഡിനേറ്റർ ഡോ. എസ്.ജിഷ ആശംസ നേർന്നു.
ജില്ലാ സർവയലൻസ് ഓഫീസർമാരായ ഡോ. വീണ സരോജി, ഡോ. ശരത്ത് രാജൻ, ഡോ. ആരോമൽ ചേകവർ, ഡോ. ടി.എസ്.ശരത്ത്, ഡോ. പ്രസന്ന വേണുഗോപാൽ, ഡോ. എ.ശരത്ത്കുമാർ, ഡോ. വിനോദ് ജേക്കബ്, ഡോ. ജയന്ത് ജയരാജൻ, ഡോ. അപർണ കൃഷ്ണ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. സുവോളജി വിഭാഗം അദ്ധ്യാപിക ഡോ. ഷീജ സ്വാഗതവും കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ നന്ദിയും പറഞ്ഞു.