
കൊട്ടാരക്കര: തുടരുന്ന ദുരിത പെയ്തിൽ കഴിഞ്ഞ ദിവസം താലൂക്കിൽ തകർന്നത് 18 വീടുകൾ. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ ഉണ്ടായ കാറ്റിലും മഴയിലും വെളിയം വില്ലേജിൽ കുടവട്ടൂർ ബീന ഭവനിൽ ശാരദയുടെ വീടിനുമേൽ മരം ഒടിഞ്ഞു വീണ് മേൽക്കൂര തകർന്നു. മാങ്കോട് കല്ലുവെട്ടാംകുഴി നെല്ലിക്കാട്ടിൽ വീട്ടിൽ ഷാമിലയുടെ വീട് ഭാഗികമായി തകർന്നു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശ്രീവിലാസത്തിൽ തങ്കമ്മയുടെ വീടിനു മുകളിലേക്ക് മരം വീണ് വീടിനു ഭാഗികമായ നാശം സംഭവിച്ചു. ആളപായമില്ല. അമ്പലംകുന്ന് കൊല്ലംകോട് പാറവിള പുത്തൻവീട്ടിൽ ഉമൈബാ ബീവിയുടെ വീടിന്റെ അടുക്കളഭാഗം തകർന്നു വീണു. മേലില സിന്ധു വിലാസത്തിൽ ശാന്തമ്മയുടെ വീടിന്റെ മേൽക്കൂരക്കുമേൽ പറമ്പിൽ നിന്ന തേക്ക് മരംഒടിഞ്ഞുവീണ് ഭാഗികമായ കേടുപാടു സംഭവിച്ചു. എഴുകോൺ കോളന്നൂർ അജിത് ഭവനിൽ ദിവാകരൻപിള്ളയുടെ വീട് ഭാഗീകമായി തകർന്നു.വെളിനല്ലൂർ കാളവയൽ സനോജ് ഭവനിൽ മനോജയുടെ വീടിന്റെ അടുക്കളയും ചിമ്മിനിയും തകർന്നു വീണു. പല പ്രദേശങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണും കടപുഴകി വീണും നാശങ്ങൾ ഉണ്ടായി. റവന്യു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നഷ്ടം കണക്കാക്കി. വ്യാപകമായ കൃഷി നാശവും സംഭവിച്ചു.