പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാത തകർന്ന് അപകടം വർദ്ധിച്ചിട്ടും പുനരുദ്ധാരണ ജോലികൾ നടത്താൻ ദേശീയ പാത അതോറിട്ടി നടപടിയെടുക്കുന്നില്ലെന്ന് സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. പാതയിലെ കൊല്ലം മുതൽ കോട്ടവാസൽ വരെയുളള ഭാഗങ്ങളിലാണ് കൂടുതൽ തകർച്ച. ആര്യങ്കാവ് മുരുകൻ പാഞ്ചാലി പാലത്തോട് ചേർന്ന ഭാഗത്ത് ഗതാഗതം ദുഷ്ക്കരമണ്. പുനലൂരിന് സമീപത്തെ വാളക്കോട് മേൽപ്പാലം, വാളക്കോട് വളവ്, കലയനാട്,സമീപത്തെ കൊടും വളവിലും റോഡ് തകർന്ന് തരിപ്പണമായി കിടക്കുകയണ്. കാലവർഷത്തെ തുടർന്ന് റോഡിൽരൂപപ്പെട്ട കുഴികളിൽ വെള്ളക്കെട്ടായതോടെ ഇരു ചക്രവാഹന യാത്രക്കാർ അടക്കമുളളവർ അപകടങ്ങളിൽപ്പെടുന്നത് പതിവാണ്. മധുര -കടമ്പാട്ട്കോണം ഗ്രീൻ ഫീൽഡ് ഹൈവേ ഇത് വഴിയാണെന്ന കാരണത്താൽ പാതയുടെ വികസനം ഒഴുവാക്കുകയായിരുന്നു. പാത നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സുപാൽ എം.എൽ.എ ദേശിയ പാത വിഭാഗം പ്രോജക്ട് ഡയറക്ടറെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചതിനെ തുടർന്ന് ഡയറക്ടർ റോഡ് തകർച്ച നേരിൽ കണ്ട് വിലയിരുത്തിയ ശേഷം 27 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ തുക പോരാ എന്ന് മനസിലാക്കി റീ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ദേശീയ പാതയുടെ തകർച്ചക്ക് പരിഹാരം കണ്ടെത്തേണ്ട സ്ഥലം എം.പി ഇക്കാര്യത്തി പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.