കിഴക്കേക്കല്ലട: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും കിഴക്കേക്കല്ലട സെക്ഷൻ പരിധിയിൽ വ്യാപകമായി പോസ്റ്റുകൾ ഒടിഞ്ഞു വീണും മരങ്ങൾ കടപുഴകിയും വ്യാപകമായ നഷ്ടം. കിഴക്കേക്കല്ലട, മൺറോത്തുരുത്ത് മേഖലകളിൽ വൈദ്യുതി തടസപ്പെട്ടു. ചിലയിടങ്ങളിൽ 24 മണിക്കുറിന് ശേഷവും പൂർണമായി പുന:സ്ഥാപിക്കാൻ കഴിഞ്ഞില്ല.
വൈദ്യുതി രാത്രി മൊത്തം തടസപ്പെട്ടതിനാൽ പലേടത്തും കുടിവെള്ള വിതരണവും മുടങ്ങി. വൈദ്യുതി തടസവുമായി ബന്ധപ്പെട്ട് സെക്ഷൻ ഓഫീസിൽ വിളിച്ചാൽ കിട്ടില്ലെന്നാണ് വ്യാപക പരാതി. കിഴക്കേക്കല്ലട സെക്ഷനിൽ വൈദ്യുതി ലഭ്യമാകുന്നത് കുണ്ടറ സബ് സ്റ്റേഷനിൽ നിന്നാണ്. ഇവിടെ വൈദ്യുതി നിലച്ചാൽ ശാസ്താംകോട്ടയിൽ നിന്നു ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നില്ലന്നും നാട്ടുകാർ പറയുന്നു. ഇവിടത്തെ വൈദ്യുത പ്രശ്നത്തിന് പരിഹാരമായി ചിറ്റുമലയിലെ നിർദ്ദിഷട സബ് സ്റ്റേഷൻ നിർമ്മാണവും ത്രിശങ്കുവിലാണ്.