cpm

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിക്ക് അതീതനായി മാറിയെന്ന് പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി പരാജയമായിട്ടും പാർട്ടിക്ക് തിരുത്താനും കഴിയുന്നില്ല. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആവശ്യമുയർന്നു.

നേരത്തെ വി.എസ് പക്ഷത്തിന് നിർണായക സ്വാധീനമുണ്ടായിരുന്ന കൊല്ലത്ത് ഔദ്യോഗിക പക്ഷം പിടി മുറുക്കിയതിന് ശേഷം ആദ്യമായാണ് പിണറായിക്കെതിരെ ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയരുന്നത്. പാർട്ടി പിണറായിക്ക് കീഴ്പ്പെട്ടതാണ് ഇടതുപക്ഷ വോട്ടുകൾ ബി.ജെ.പിയിലേക്ക് ചോരുന്ന ഭീകരമായ അവസ്ഥയിൽ എത്തിച്ചതെന്ന തുറന്നു പറച്ചിലുമുണ്ടായി. സംഘടനാ സംവിധാനങ്ങൾ അട്ടിമറിച്ച് ,മുഖ്യമന്ത്രിയുമായി വ്യക്തിപരമായി അടുപ്പമുള്ളവരാണ് ഓരോ ജില്ലയിലും പാർട്ടിയെ നിയന്ത്രിക്കുന്നത്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ അവധാനതയില്ലാതെയാണ് നേതാക്കൾ പ്രതികരിക്കുന്നത്. നവകേരള സദസിനിടെ മുഖ്യമന്ത്രി നടത്തിയ രക്ഷാപ്രവർത്തന പരാമർശം വലിയ അവമതിപ്പാണ് സൃഷ്ടിച്ചത്. സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറും ജാഗ്രതയില്ലാതെയാണ് പലപ്പോഴും പ്രതികരിക്കുന്നത്. ഇ.പി.ജയരാജനെതിരെ നടപടി വൈകുന്നത് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ചില ആരോപണങ്ങൾ ശരിയാണെന്ന ചിന്ത ജനങ്ങളിൽ സൃഷ്ടിക്കുമെന്നും ഒരംഗം തുറന്നടിച്ചു.

നേതാക്കൾക്ക് ജനങ്ങളുടെ പോയിട്ട്, പാർട്ടി പ്രവർത്തകരുടെ മനസ് പോലും തിരിച്ചറിയാൻ കഴിയുന്നില്ല. അത് തിരിച്ചറിയാതെ സ്ഥാനാർത്ഥി നിർണയം നടത്തിയതാണ് കൊല്ലത്ത് ചരിത്രത്തിലെ ഏറ്രവും വലിയ പരാജയത്തിന് കാരണം. പല നിർണായക തീരുമാനങ്ങളും പാർട്ടി കമ്മിറ്റിക്ക് പുറത്താണെടുക്കുന്നത്. ശക്തമായ തിരുത്തൽ നടപടിയുണ്ടായില്ലെങ്കിൽ കേരളത്തിലും പശ്ചിമബംഗാളിലെ അവസ്ഥയാകുമെന്ന മുന്നറിയിപ്പും ഉയർന്നു. തുറന്ന ചർച്ചയാണ് നടന്നതെന്നും, വിമർശനങ്ങൾ ഉൾക്കൊണ്ട് അടിമുടി തിരുത്തൽ പ്രക്രിയയ്ക്കുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും ചർച്ചയ്ക്ക് മറുപടിയായി പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു.