 റോഡിലേക്ക് പന്തലിച്ച് വൻമരങ്ങൾ  നടപടിയെടുക്കാതെ അധികൃതർ

കൊല്ലം: കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും കടകൾക്കും വീടുകൾക്കും ഒരുപോലെ ഭീഷണി ഉയർത്തി നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നിൽക്കുന്ന വൻമരങ്ങൾ. ക്യു.എ.സി റോഡ്, കർബല റെയിൽവേ സ്റ്റേഷൻ റോഡ്, കോളേജ് ജംഗ്ഷൻ, കപ്പലണ്ടി മുക്ക്, കടപ്പാക്കട, ആശ്രാമം തുടങ്ങിയ ഇടങ്ങളിലാണ് മരങ്ങളുടെ ശിഖരങ്ങൾ അപകടകരമായി റോഡിലേക്ക് പടർന്നുപന്തലിച്ച് കിടക്കുന്നത്. മഴയത്തും കാറ്റത്തും ഉണങ്ങിയ മരങ്ങൾ പിഴുതുവീണും ശിഖരങ്ങൾ ഒടിഞ്ഞ് വീണും നാശനഷ്ടങ്ങൾ സംഭവിക്കുന്നത് നഗരത്തിൽ പതിവായിരിക്കുകയാണ്. അപകടങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് പലപ്പോഴും ആളുകൾ രക്ഷപ്പെടുന്നത്. കോർപ്പറേഷനും പി.ഡബ്യൂ.ഡിയുമാണ് മരങ്ങൾ മുറിച്ചുമാറ്റേണ്ടത്. എന്നാൽ പരാതി നൽകിയാലും ആരും തിരിഞ്ഞ് നോക്കാറില്ലെന്നാണ് ആക്ഷേപം. മഴക്കാലത്തിന് മുൻപ് അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണമെന്ന് കളക്ടർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും ആരും നടപടിയെടുത്തില്ല.

ഭീതിയൊഴിയുന്നില്ല

എസ്.എൻ കോളേജ് ജംഗ്ഷനിൽ പേരാലിന്റെ ശിഖരം ഒടിഞ്ഞുവീണത് ചൊവ്വാഴ്ച

ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

 മൂന്നുമാസം മുൻപും സമാനമായ രീതിയിൽ ഇതേ മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണു

പേരാലിന്റെ ഒരു കൂറ്റൻ ചില്ല നിൽക്കുന്നത് റെയിൽവേ പാളത്തിന്റെ ഭാഗത്തേക്ക് വീഴാവുന്ന നിലയിൽ

 റെയിൽവേ വൈദ്യുതി ലൈനിനും ഗേറ്റ് കീപ്പർ റൂമിനും ഭീഷണി

 കപ്പലണ്ടി മുക്കിലെ ക്യു.എം.സി നഗറിലും മരങ്ങൾ വീടുകൾക്ക് ഭീഷണിയായി നിൽക്കുന്നു

 ഈ മാസം ആദ്യം ആശ്രാമം മൈതാനത്ത് കൂറ്റൻ അക്കേഷ്യ മരം കടപുഴകി വീണു

മുറിച്ചിടും, കൊണ്ടുപോകില്ല

 മുറിക്കുന്ന ശിഖരങ്ങൾ വഴിയരികിൽ ഉപേക്ഷിക്കുന്നു

 എസ്.എൻ കോളേജ് ജംഗ്ഷൻ, ആശ്രാമം മൈതാനം

എന്നിവിടങ്ങളിൽ ഒടിഞ്ഞുവീണ മരച്ചില്ലകൾ നീക്കിയിട്ടല്ല

മഴക്കാലത്ത് ജീവൻ കൈയ്യിൽപിടിച്ചാണ് ഞങ്ങൾ കഴിയുന്നത്. മരങ്ങൾ വീണ് വാഹനങ്ങൾക്ക് കേടുപാടുകളും ആളുകൾക്ക് ജീവഹാനിയും പരിക്കുകളും സംഭവിക്കുന്നതും നിത്യ സംഭവമാണ്. ജീവനെടുക്കും മുൻപ് പരിഹാരം കാണാൻ തയ്യാറാകണം

ഷെർളി, പ്രദേശവാസി