കൊല്ലം: ആർഭാടങ്ങളുടെ നേർക്കാഴ്ചയായി വിവാഹങ്ങൾ മാറുമ്പോൾ, ഗുരുവരുൾ പ്രകാരം ധൂർത്തൊഴിവാക്കി നന്ദു അപർണയ്ക്ക് താലി ചാർത്തി. വധൂവരന്മാരും മാതാപിതാക്കളും സഹിതം പത്ത് പേരാണ് വിവാഹത്തിന് ഉണ്ടായിരുന്നത്. ചരടിൽ കോർത്ത താലിയാണ് നന്ദു അണിയിച്ചത്. താരതമ്യേന വിലകുറഞ്ഞ താമരഹാരം പരസ്പരം ചാർത്തി.
മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാനും എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗവുമായ കൊല്ലം തേവള്ളി നന്ദപുരിയിൽ എസ്. പ്രദീപ്കുമാറിന്റെയും അനില പ്രദീപിന്റെയും മകനാണ് ബി.എസ്.എസ് പ്രോജക്ട് ഡയറക്ടറായ നന്ദു. കേരളകൗമുദിയിലെ വിവാഹ പരസ്യം കണ്ടാണ്, പൊതുഭരണ വകുപ്പിൽ നിന്നു വിരമിച്ച എസ്.എൻ.ഡി.പി യോഗം പ്രാക്കുളം ശാഖ മുൻ സെക്രട്ടറി ടി.എം. ശ്രീകുമാർ, മകൾ അപർണയുടെ വിവാഹ ആലോചനയുമായി എസ്. പ്രദീപ്കുമാറിനെ വിളിച്ചത്. ഇതിനിടെ, ആഡംബരങ്ങൾ പൂർണമായും ഒഴിവാക്കി ഗുരുദേവൻ നിർദ്ദേശിച്ചത് പോലെ വിവാഹം നടത്തണമെന്ന തന്റെ അഗ്രഹം നന്ദു മുന്നോട്ടുവച്ചു. എൽ.എൽ.ബി കഴിഞ്ഞ് എം.ബി.എയ്ക്ക് പഠിക്കുന്ന അപർണ ഇക്കാര്യം അംഗീകരിച്ചു. എന്നാൽ, ശ്രീകുമാറിനും കെ.ടി.ഡി.എഫ്.സി ഉദ്യോഗസ്ഥ സുധർമ്മയ്ക്കും മകളുടെ വിവാഹത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. പ്രദീപ്കുമാറിനും അനിലയ്ക്കും ഇതേ സ്വപ്നങ്ങൾ തന്നെയായിരുന്നു. ഒടുവിൽ ഇരു കുടുംബങ്ങളും ധാരണയിലെത്തി ഗുരുവരുൾ പ്രകാരം വിവാഹം നടത്തുകയായിരുന്നു.
അച്ഛനമ്മമാർക്ക് പുറമേ അപർണയുടെയും നന്ദുവിന്റെയും സഹോദരന്മാർ മാത്രമാണ് കൊല്ലം ശാരദാമഠത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തത്. ഇരുവരുടെയും മുത്തശ്ശിമാർ അടക്കമുള്ള ഉറ്റബന്ധുക്കൾ വീടുകളിലിരുന്ന് പ്രാർത്ഥിച്ച് അനുഗ്രഹിച്ചു.
അനന്തര ചടങ്ങുകളും ഒഴിവാക്കി
വിവാഹ സ്വീകരണവും നല്ലവാതിലും മറുവീടും ഉണ്ടായിരുന്നില്ല. പ്രദീപ്കുമാർ എൻ.സി.പി നേതാവായതിനാൽ മന്ത്രിമാരും വിവിധ പാർട്ടികളുടെ സംസ്ഥാന നേതാക്കളുമടക്കം സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ മകന്റെ വിവാഹത്തിൽ പങ്കെടുക്കേണ്ടതായിരുന്നു. ക്ഷണിക്കാത്തതിന്റെ പേരിൽ പരാതി പ്രളയമാണെങ്കിലും ഗുരുവിന്റെ നിർദ്ദേശം പ്രാവർത്തികമാക്കാൻ കഴിഞ്ഞതിനാൽ ഇരു കുടുംബങ്ങൾക്കും തെല്ലും വിഷമമില്ല. വിവാഹത്തിനായി നേരത്തെ കരുതിവച്ചിരുന്ന പണം വിവിധ പ്രസ്ഥാനങ്ങൾ വഴി പാവങ്ങൾക്ക് നൽകാനാണ് തീരുമാനം.
വിവാഹച്ചെലവ് പെൺകുട്ടികളുടെ രക്ഷിതാക്കളെ വൻ കടക്കെണിയിലാക്കുകയും സ്ത്രീധന പീഡനങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന കാലത്ത് ഒരു സന്ദേശം എന്ന നിലയിലാണ് ഗുരുവരുൾ പോലെ വിവാഹിതരാകാൻ തീരുമാനിച്ചത്
നന്ദു, അപർണ