photo
പുനലൂർ നഗരസഭയിലെ പ്ലാച്ചേരിക്ക് സമീപം കട്ടിംഗ് ഇടിഞ്ഞ് ശ്യമളയുടെ വീട്ടുമുറ്റത് വീണ നിലയിൽൽ

പുനലൂർ: കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ കിഴക്കൻ മലയോര മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടായി. പ്ലാച്ചേരിക്ക് സമീപത്തെ ശ്യാമളയുടെ വീടിനോട് ചേർന്ന മൺതിട്ട ഇടിഞ്ഞു വീട്ട് മുറ്റത്തേക്ക് വീണ് തെങ്ങും കമുകും നശിച്ചു. ശേഷിക്കുന്ന ഭാഗത്തെ മൺതിട്ടയും ഏത് സമയവും ഇടിഞ്ഞു വീടിന് മുകളിൽ വീഴുന്ന അവസ്ഥയാണ്. സമീപത്തെ താമരപ്പള്ളി ജംഗ്ഷനിൽ മുൻ മന്ത്രി കെ.രാജുവിന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് പണികഴിപ്പിച്ച വെയിറ്റിംഗ് ഷെഡിനോട് ചേർന്ന മൺതിട്ട ഇടിഞ്ഞു ദേശീയ പാതയോരത്തേക്ക് വീണു. കൂടാതെ ശക്തമായ കാറ്റിൽ മര ശിഖരങ്ങൾ ഒടിഞ്ഞ് വീണ് ഇടമൺ സത്രം -പാപ്പാന്നൂർ സമാന്തര പാതയിൽ ഗതാഗതം മുടങ്ങി. മൂന്ന് ദിവസം മുമ്പ് ഒറ്റക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുകളിൽ കൂറ്റൻ ഉണക്ക മരം കടപുഴകി വീണ് ഭിത്തിക്ക് വിള്ളൽ ഏൽക്കുകയും വൻ അപകടം ഒഴിവാകുകയും ചെയ്തിരുന്നു.