
ഇരവിപുരം: തകർന്ന റോഡുകളുടെ പുനർനിർമ്മാണത്തിന് കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളത്തുംഗലിൽ നീന്തൽ സമരം നടത്തി. വാളത്തുങ്കൽ മന്നം മെമ്മോറിയൽ സ്കൂളിന് മുന്നിലെ വെള്ളക്കെട്ടിലാണ് പ്രതിഷേധ നീന്തൽ സമരം സംഘടിപ്പിച്ചത്.
ഇരവിപുരം മണ്ഡലത്തിലെ ഒട്ടുമിക്ക റോഡുകളും തകർന്ന നിലയിലാണ്. പുനർനിർമ്മാണത്തിനായി ആറുമാസം മുമ്പ് വെട്ടിപ്പൊളിച്ചിട്ട വാളത്തുങ്കൽ- പിണയ്ക്കൽ റോഡിൽ കാൽനടയാത്ര പോലും ദുഷ്കരമാണ്. മഴക്കാലമായതോടെ കുഴികളിലാകെ മലിനജലം നിറഞ്ഞു. ഹയർ സെക്കൻഡറി സ്കൂളിലേക്കും സി.ബി.എസ്.ഇ സ്കൂളിലേക്കും നൂറുകണക്കിന് കുട്ടികൾ പോകുന്ന വഴിമുഴുവൻ വെള്ളക്കെട്ടായി മാറി. സമീപമുള്ള ഒട്ടത്തിൽ വായനക്കുളം റോഡും വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയാണ്.
കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.ബേബിസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണക്കാട് സലീം അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി വാളത്തുങ്കൽ രാജഗോപാൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.നാസർ, ഡി.സി.സി അംഗം സലീം ആലൂസ്, മണിയംകുളം കലാം, മുൻ മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ, അനസ് പിണക്കൽ, രാധാകൃഷ്ണൻ, ഷൗക്കത്ത്, ജലാൽ പന്ത്രണ്ടുമുറി, നാസർ, ഷംനാദ്, സജീർ അലി, പിണയ്ക്കൽ സക്കീർ ഹുസൈൻ, ബാബു, ഹാഷിം, സനൂജ്, നൗഫൽ, ഷഹാൽ, ബിജു മങ്കാരം എന്നിവർ നേതൃത്വം നൽകി.