കൊട്ടാരക്കര: കോട്ടാത്തല പണയിൽ- പള്ളിയ്ക്കൽ റോഡിൽ കുണ്ടും കുഴിയും മാത്രം. ഈ റോഡിലൂടെ സാഹസിക യാത്രയിലാണ് നാട്ടുകാർ. അപകടങ്ങൾ പതിവായിട്ടും താത്കാലിക പരിഹാരത്തിനുപോലും അധികൃതർ തയ്യാറാകുന്നില്ല. മൈലം ഗ്രാമപഞ്ചായത്തിലെ പള്ളിക്കൽ പടിഞ്ഞാറ് വാർഡിൽ പെടുന്നതാണ് ഈ റോഡ്. വർഷങ്ങൾക്ക് മുൻപ് ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച തുകകൊണ്ടാണ് റോഡ് ടാറിംഗ് നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈ റോഡിന്റെ വശത്താണ് താമസിക്കുന്നത്. എന്നിട്ടും റോഡിന്റെ തകർച്ചയ്ക്ക് പരിഹാരമുണ്ടാകുന്നില്ല.
ടാറിംഗിന്റെ പൊടിപോലുമില്ല
തടത്തിൽ ഭാഗം മുതൽ അമ്മിണിപ്പാലം വരെയുള്ള ഭാഗം തീർത്തും നശിച്ച നിലയിലാണ്. ഇതിനിടയിൽ കയറ്റമുള്ള ഭാഗത്ത് റോഡ് തകർന്നതാണ് കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. നല്ല വളവും കയറ്റവുമുള്ള ഭാഗത്ത് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ട് ഏറെനാളായി. ഇവിടെ ടാറിംഗിന്റെ പൊടിപോലുമില്ലാത്തവിധം ഇളകിപ്പോയി. താരതമ്യേന റോഡിന് വീതി കുറഞ്ഞ ഭാഗവുമായതിനാൽ എതിർ ദിശയിൽ നിന്നും മറ്റൊരു വാഹനം വന്നാൽ അപകടം ഉറപ്പാണെന്ന സ്ഥിതിയാണ്. അമ്മിണി പാലം മുതൽ പള്ളിയ്ക്കൽ ഉടയോൻകാവിന് സമീപത്തുവരെ ചെല്ലുന്ന ഭാഗത്ത് ഇരുവശത്തും ഇന്റർലോക്ക് പാകിയിരുന്നതിൽ മിക്കതും ഇളകിമാറി.
1. പള്ളിയ്ക്കൽ ഭാഗത്തുനിന്നും കൊട്ടാരക്കര- പുത്തൂർ റോഡിലെത്താനുള്ള എളുപ്പ വഴിയാണ് .
2. ഒട്ടേറെ ആളുകൾ ആശ്രയിക്കുന്ന റോഡ് തകർച്ചയിലായിട്ട് ഏറെക്കാലമായി
3. മിക്ക ദിവസവം അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. രാത്രികാലങ്ങളിലാണ് അധികവും.
4. അപകടങ്ങളൊഴിവാക്കാൻ കുഴികൾ അടയ്ക്കാനെങ്കിലും അടിയന്തര സംവിധാനം ഉണ്ടാക്കണം
ചെറു ബൈപ്പാസ്
കൊട്ടാരക്കര - പുത്തൂർ റോഡിൽ പണയിൽ ജംഗ്ഷനും കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റിനും ഇടയ്ക്ക് അപകടം മൂലമോ മറ്റോ ഗതാഗതം തടസപ്പെട്ടാൽ ഉപറോഡായി ഉപയോഗിക്കുന്നതാണ് പണയിൽ- പള്ളിയ്ക്കൽ റോഡ്. ശാന്തിഗിരി ആശ്രമത്തിന്റെ ശാഖയുൾപ്പടെ ഈ റോഡിന്റെ വശത്തുണ്ട്.