photo
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെന്നഡി സ്കൂൾ പുറത്തിറക്കിയ ആൽബത്തിന്റെ പ്രകാശന കർമ്മം ജില്ലാ കളക്ടർ എൻ. ദേവദാസ് കളട്രേറ്റിൽ വെച്ച് നിർവഹിക്കുന്നു

കരുനാഗപ്പള്ളി : വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ രാജ്യാന്തര ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശ ആൽബം പുറത്തിറക്കി മാതൃകയായി ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിലെ അദ്ധ്യാപകനായ സുധീർ ഗുരുകുലം തയ്യാറാക്കിയ വരികൾ സ്കൂൾ വിദ്യാർത്ഥികളായ ഫിദ സജിത്, സ്വാതിക സന്തോഷ്,ജിവിൻ സജി എന്നിവരാണ് പാടിയത്. സ്കൂളിലെ അദ്ധ്യാപകനായ ഹാഫിസ് വെട്ടത്തേരിലാണ് ആൽബം തയ്യാറാക്കിയത്. ജില്ലാ കളക്ടർ എൻ.ദേവിദാസ് ആൽബം കൊല്ലം കളട്രേറ്റിൽ വെച്ച് പ്രകാശനം ചെയ്തു . മാനേജർ മായാ ശ്രീകുമാർ,പ്രിൻസിപ്പൽ എം.എസ്.ഷിബു ,ഹെഡ് മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളായ സിറിൾ എസ്. മാത്യു, ഗംഗാറാം കണ്ണമ്പള്ളിൽ, മീര സിറിൾ,സുധീർ ഗുരുകുലം, സിനോ പി ബാബു, ഹാഫിസ് വെട്ടത്തേരിൽ തുടങ്ങിയവ‌ർ പങ്കെടുത്തു.

ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.സി.സിയുടെനേതൃത്വത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലി നഗരസഭ ചെയർമാൻ കോട്ടായിൽ രാജു ഫ്ലാഗ് ഒഫ് ചെയ്തു. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പോസ്റ്റർ പ്രദർശനവും ലഖു ലേഖ വിതരണവും ബോധവത്കര ക്ലാസും മാനേജ് കമ്മിറ്റി പ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എച്ച്.എ.സലാം അദ്ധ്യക്ഷനായി. റിട്ട.അസിസ്റ്റന്റ് എക്സൈസ് ഡെപ്യുട്ടി കമ്മിഷണർ ജി.മുരളീധരൻ നായർ ചർച്ച നയിച്ചു. പ്രിൻസിപ്പൽ ഐ.വീണാ റാണി,എച്ച്.എം.ടി സരിത, ഷിഹാബ് എസ്.പൈനും മൂട്, മേഘ എസ്. ഭദ്രൻ എന്നിവർ സംസാരിച്ചു.

കേരള യൂത്ത് പ്രമോഷൻ കൗൺസിൽ, സബർമതി ഗ്രന്ഥശാല എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ നടന്ന ഓപ്പൺ ക്യാൻവാസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ. വിജിലാൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷനായി. സെന്റർ ഫോർ സയൻസ് ഡയറക്ടർ വി. അരവിന്ദകുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ കൺവീനർ എച്ച്.ശബരിനാഥ്, സബർമതി ഗ്രന്ഥശാല സെക്രട്ടറി വി.ആർ.ഹരികൃഷ്ണൻ, അഡ്വ.സി.പി.പ്രിൻസ്, ആദിൽ നിസാർ, നുവാൻ, എം.ജി.ആദിത്യൻ , എസ്.എ.നിവ , ശ്യാം, ലൈബ്രേറിയൻ സുമിസുൽത്താൻ എന്നിവർ സംസാരിച്ചു..