ആഗസ്റ്റിൽ പൂർത്തിയാക്കും മൺറോത്തുരുത്ത്കാർക്ക് ആശ്വാസം
കൊല്ലം: കുണ്ടറ പള്ളിമുക്ക് - മൺറോത്തുരുത്ത് റോഡ് വികസനം വേഗത്തിലാക്കി ആഗസ്റ്റിൽ പൂർത്തിയാക്കാൻ തീരുമാനം. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കെ.ആർ.എഫ്.ബി അധികൃതർ കരാറുകാരനുമായി നടത്തിയ ചർച്ചയിലാണ് തീരുമാമായത്. റോഡ് വികസനം അവതാളത്തിലായതും കുണ്ടും കുഴിയും രൂപപ്പെട്ട റോഡിൽ പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതവും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
തുരുത്തിലെ കാനറ ബാങ്ക്- റെയിൽവേ സ്റ്റേഷൻ റോഡിന്റെ ലെവൽസ് രണ്ട് ദിവസത്തിനുള്ളിൽ എടുത്തുതുടങ്ങും. ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. ആഗസ്റ്റിൽ ബി.എം ടാറിംഗിലൂടെ ഗതാഗത യോഗ്യമാക്കുമെന്നും കരാറുകാരൻ ഉറപ്പുനൽകി.
ആറ് വർഷം മുൻപ് നിർമ്മാണം ഏറ്റെടുത്ത കരാറുകാരന്റെ മെല്ലപ്പോക്ക് കാരണം രണ്ട് വർഷം മുൻപ് ഒഴിവാക്കിയിരുന്നു. രണ്ടാമത്ത കരാറുകാരനും മെല്ലപ്പോക്ക് തുടർന്ന് ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കി. റോഡ് വികസനം പൂർത്തിയാകാത്തത് മൺറോത്തുരുത്തിലേക്കുള്ള സഞ്ചാരികളുടെ വരവിനെയും ബാധിച്ചിട്ടുണ്ട്. ഒരു വർഷത്തെ കരാർ കലാവധി കഴിഞ്ഞമാസം അവസാനിച്ചതിനെ തുടർന്ന് മൂന്ന് മാസം കൂടി നീട്ടിനൽകാനുള്ള ആലോചനയിലാണ് നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബി.
ഉഴപ്പിന്റെ നാൾ വഴി
2018ൽ 28 കോടിയുടെ കരാർ
3 വർഷം പിന്നിട്ടിട്ടും പകുതി പോലും ചെയ്തില്ല
2022 മേയിൽ കരാർ റദ്ദാക്കി
2023 മേയിൽ 19 കോടിക്ക് പുതിയ കരാർ
പൂർത്തിയാക്കാതെ ജനങ്ങളെ വലച്ച് പുതിയ കരാറുകാരൻ