കൊല്ലം: ജില്ലയിൽ ഇന്നലെ പുലച്ചെ മുതൽ പെയ്ത മഴയിൽ വ്യാപക നാശനഷ്ടം. 24 മണിക്കൂറിനുള്ളിൽ 52 വീടുകളാണ് ഭാഗികമായി തകർന്നത്. കുന്നത്തൂരിൽ ഒരു വീട് പൂർണമായി തകർന്നു. കൊട്ടാരക്കര, കുന്നത്തൂർ, പത്തനാപുരം, കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലാണ് വീടുകൾ തകർന്നത്. പുനലൂർ താമരപ്പള്ളിയിൽ 20 അടി താഴ്ചയിലേക്ക് മണ്ണിടിഞ്ഞു. താമരപ്പള്ളി ശ്രീവിലാസത്തിൽ ശ്യാമളയുടെ വീടിന് സമീപത്താണ് സംഭവം.
മൈനാഗപ്പള്ളി കടപ്പ തണ്ടശ്ശേരിൽ ഉഷയുടെ വീടിന്റെ ഒരു ഭാഗം മണ്ണിടിഞ്ഞ് തകർന്നു. തെക്കൻ മൈനാഗപ്പള്ളി ചന്ദ്രിക മന്ദിരത്തിൽ ചന്ദ്രികാ ദേവിയുടെ വീടിന്റെ മുകളിലേക്ക് പ്ലാവ്, തേക്ക് എന്നിവ ഒടിഞ്ഞുവീണ് ഭാഗികമായി തകർന്നു. കൊട്ടിയത്ത് സിതാര ജംഗ്ഷന് സമീപം സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന് മുകളിലേക്ക് മരം കടപുഴകി വീണു. സംഭവ സമയം ക്ലാസിൽ കുട്ടികളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
പോരുവഴി തൊളിയ്ക്കൽ ഏലായിൽ വ്യാപകമായി കൃഷി നശിച്ചു. കുലച്ച ഏത്തവാഴകളാണ് നശിച്ചത്. മറ്റ് പച്ചക്കറികൾക്കും നാശമുണ്ടായി. നെടുങ്ങോലം ഒഴുകുപാറ തെങ്ങുവിളവീട്ടിൽ പുഷ്പന്റെ വീടിന്റെ അടുക്കള ഭാഗം മഴയിൽ പൂർണമായി തകർന്നു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഭാര്യയും സഹോദരിയും പെട്ടെന്ന് ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. മയ്യനാട് ധവളക്കുഴിയിൽ കമ്പനിതൊടി ഭാഗത്ത് ചുറ്രുമതിൽ ഇടിഞ്ഞു വീണു. ഇന്നലെ രാവിലെയാണ് സംഭവം . താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയെങ്കിലും ക്യാമ്പ് തുറക്കേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ പറഞ്ഞു.