കായലിലെ ആദ്യഘട്ട ഡ്രഡ്ജിംഗ് കാവനാട്ട്

കൊല്ലം: അഷ്ടമുടി​ക്കായലി​ൽ ജലഗതാഗതത്തി​ന് തടസമാകും വി​ധം ആഴം കുറഞ്ഞ ഭാഗങ്ങൾ ഡ്രഡ്ജ് ചെയ്ത് ലഭി​ക്കുന്ന മണൽ ദേശീയപാത നി​ർമ്മാണത്തി​ന് ഉപയോഗി​ക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി​. ആദ്യഘട്ടത്തി​ൽ കാവനാട് ആണ് ഡ്രഡ്ജിംഗ്. ഇതോടെ, റോഡ് നി​ർമ്മാണത്തി​നായി​ വലിയ അളവിൽ കുന്നുകൾ ഇടിച്ചുനിരത്തുന്നത് ഒഴിവാകുകയും ജലഗതാഗതം സുഗമമാകുകയും ചെയ്യും.

അടിപ്പാതകളുടെയും ഫ്ലൈ ഓവറുകളുടെയും ആർ.ഇ വാളുകൾക്കിടയിൽ ഫില്ലിംഗിനാണ് കായലിലെ ചെളി കലർന്ന മണ്ണ് ഉപയോഗിക്കുന്നത്. ഉൾനാടൻ ജലഗതാഗത വകുപ്പ് ഹൈഡ്രോഗാഫിക് സർവേയിലൂടെ കണ്ടെത്തിയ സ്ഥലങ്ങളിലാണ് ഡ്രഡ്ജിംഗ്. കായലിന്റെ അടിത്തട്ടിൽ നിന്നു വലിച്ചെടുക്കുന്ന മണ്ണ് പൈപ്പ് വഴി കരയിലെത്തിക്കും. തുടർന്ന് പ്ലാസ്റ്റിക്കും തടിക്കഷ്ണങ്ങളും വേർതിരിച്ച ശേഷം ലോറിയിൽ കരാർ കമ്പനിയുടെ മങ്ങാടുള്ള പ്ലാന്റിൽ സംഭരിച്ച് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. ദേശീയപാതയി​ൽ കാവനാട്- കടമ്പാട്ടുകോണം റീച്ചിന്റെ ഉപകരാറെടുത്ത തൃശൂർ ആസ്ഥാനമായുള്ള സ്വിസ് ഇൻഫ്രയാണ് ‌ഡ്രഡ്ജിംഗ് നടത്തുന്നത്. ദേശീയപാത വികസനത്തിൽ മണ്ണിന്റെ ലഭ്യതക്കുറവ് കാരണമുള്ള പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകും. ഒരു ലക്ഷം മീറ്റർ ക്യൂബ് മണ്ണ് ഈ റീച്ചിലെ നിർമ്മാണം പൂർത്തിയാക്കാൻ ഇനി വേണം.

.....................................

ബോട്ടുകളുടെ അടിഭാഗം തട്ടില്ല

ഡ്രഡ്ജിംഗ് നടന്ന് ആഴം കൂടുമ്പോൾ കായലിലെ സംഭരണ ശേഷി ഉയരും. പുറമേ ജലഗതാഗതവും സുഗമമാകും. ഫൈബർ ബോട്ടുകൾക്ക് കുറഞ്ഞത് ഒരു മീറ്ററും സ്റ്റീൽ ബോട്ടുകൾക്ക് ഒന്നര മീറ്ററും ആഴം സുഗമമായ സഞ്ചാരത്തിന് വേണം. എന്നാൽ പലേടത്തും 0.75 മീറ്റർ ആഴമേയുള്ളു. അതിനാൽ അഷ്ടമുടിക്കായലിലൂടെ സഞ്ചരിക്കുന്ന ബോട്ടുകളുടെ ഷാഫ്റ്റ് ചെളിയും തടികളിലും തട്ടി ഇടയ്ക്കിടെ തകരാറിലാകുന്നുണ്ട്.

.......................................

 ഡ്രഡ്ജിംഗ് 5 മുതൽ 6 മീറ്റർ വരെ ആഴത്തിൽ

 സർക്കാർ ആദ്യം ക്യുബിക് മീറ്ററിന് 356 രൂപ ആവശ്യപ്പെട്ടു

 പിന്നീട് മണ്ണ് സൗജന്യമായി നൽകാൻ തീരുമാനിച്ചു

 ചെലവ് വഹിക്കുന്നത് ദേശീയപാത കരാർ കമ്പനി

 ഡ്രഡ്ജിംഗ് ഇപ്പോൾ കാവനാട് ഭാഗത്ത്

 തുടർന്ന് തെക്കുംഭാഗത്തും നീണ്ടകരയിലും

 കര ഇടിയാതിരിക്കാൻ 100 മീറ്റർ അകലം പാലിക്കും

 പാലങ്ങളിൽ നിന്ന് 50 മീറ്രർ അകലം

...............................

ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ഹൈഡ്രോഗ്രാഫിക് സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രഡ്ജിംഗ് നടക്കുന്നത്. മഴ മാറുന്നതോടെ ഡ്രഡ്ജിംഗ് വേഗത്തിലാകും

ഉപകരാർ കമ്പനി അധികൃതർ