പടിഞ്ഞാറെ കല്ലട: കുന്നത്തൂർ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ കാലവർഷമെത്തിയതോടെ പ്രകൃതി ദുരന്തങ്ങളും ദുരിതങ്ങളും വർദ്ധിച്ചു വരുന്നു. മിക്ക സ്ഥലത്തും അപകടം മാടിവിളിച്ച് പാതയോരത്ത് നിൽക്കുന്ന മരങ്ങളും ജീർണിച്ച കെട്ടിടങ്ങളും മതിലുകളും കൂടാതെ പൊതുവഴികളോട് ചേർന്നുള്ള നദികൾ, തോടുകൾ, കുളങ്ങൾ എല്ലാം തന്നെ നാട്ടുകാർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഏതാനും ദിവസം മുൻപ് ശാസ്താംകോട്ടയിലെ സ്വകാര്യ സ്കൂളിന് മുന്നിൽ കിടന്ന ബസിന് മുകളിൽ വൻമരം പിഴുത് വീണ് ബസ് തകരുകയുണ്ടായി. അല്പസമയം കൂടി വൈകിയിരുന്നെങ്കിൽ നിരവധി സ്കൂൾ കുട്ടികൾ അപകടത്തിനിരയാകുമായിരുന്നു. അധികൃതർ അടിയന്തര മുൻകരുതൽ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
1) റോഡുകളിലെ വെള്ളക്കെട്ടും കുഴികളും കാരണം യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്
2) നദികൾ, തോടുകൾ, കുളങ്ങൾ എന്നിവയുടെ സമീപത്തുള്ള റോഡുകളിൽ സംരക്ഷണവേലി നിർമ്മിക്കണം
3) റോഡിനോട് ചേർന്നുള്ള ഓടയ്ക്ക് മൂടി ഇല്ലാത്തത് അപകടഭീഷണിയാണ്
ജില്ല ദുരന്തനിവാരണ അതോറിട്ടി നിയമത്തിന്റെ ഭാഗമായി ജില്ലാ , പ്രാദേശിക തലത്തിൽ ട്രീ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.വികസന ആവശ്യങ്ങൾക്കായി മരം മുറിക്കുന്നതിലേക്ക് ജില്ലാതലത്തിലും പ്രാദേശികതലത്തിലും ട്രീ കമ്മിറ്റി അധികാരം കൊടുക്കും. പഞ്ചായത്ത് തലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും അസിസ്റ്റന്റ് കൺസർവേറ്റർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, സ്ഥലത്തെ തിരഞ്ഞെടുക്കപ്പെട്ട പരിസ്ഥിതി പ്രവർത്തകൻ അതാത് സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റ് ഇത്രയും പേർ ഉൾപ്പെട്ടതാണ്കമ്മിറ്റി. വളരെ അടിയന്തര ഘട്ടങ്ങളിൽ കമ്മിറ്റിയുടെ അനുവാദമില്ലാതെ തന്നെ കമ്മിറ്റി അംഗങ്ങൾക്ക് അനുവാദം നൽകാം.
കോശി ജോൺ, അസിസ്റ്റന്റ് കൺസർവേറ്റർ
സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ കൊല്ലം
മരങ്ങളും ശിഖരങ്ങളും ഒടിഞ്ഞുവീണ് ഇലക്ട്രിക് പോസ്റ്റുകൾ ഒടിയുന്നത് കെ.എസ്.ഇ.ബിക്ക് വൻ സാമ്പത്തിക നഷ്ടവും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. ദിനംപ്രതി 80ലധികം പരാതികളാണ് ലഭിക്കുന്നത്. നിലവിലെ ജീവനക്കാരെ കൊണ്ട് ഇത്രയും പരാതികൾ പരിഹരിക്കുവാൻ കാലതാമസം നേരിടും.
ആർ.ജയചന്ദ്രൻ
അസി.എക്സി.എൻജിനീയർ,
കെ.എസ്.ഇ.ബി ഓഫീസ്, ശാസ്താംകോട്ട
പഞ്ചായത്ത് രാജ് ആക്ട് പ്രകാരം സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുവാനുള്ള പരമാധികാരം പഞ്ചായത്ത് സെക്രട്ടറിയ്ക്കാണ്. ഇതിന്മേലുള്ള പരാതി പൊതുജനങ്ങൾക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകാം.
ചന്ദ്രശേഖരൻ
ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ
കുന്നത്തൂർ താലൂക്ക്